മഹാരാഷ്ട്രയിലെ പാർളിയിൽ രണ്ട് നൂറ്റാണ്ടുകൾക്ക് ശേഷം കുടുംബത്തിൽ ഒരു പെൺകുഞ്ഞ് ജനിച്ച സംഭവം വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഡാഹിഫാലെ കുടുംബം.
പെൺകുട്ടികളുടെ ജനനത്തോടുള്ള സാമൂഹിക മനോഭാവത്തിൽ മാറ്റം വരുത്തണമെന്ന ശക്തമായ സന്ദേശം നൽകിയാണ് ഈ രാജകീയ സ്വീകരണം സംഘടിപ്പിച്ചത്.
ഭഗവാൻ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനായ ലിംബാജി ഡാഹിഫാലെയുടെ ഇളയ മരുമകൾ കൽപ്പനയാണ് വ്യാഴാഴ്ച പെൺകുഞ്ഞിന് ജന്മം നൽകിയത്. കഴിഞ്ഞ 200 വർഷത്തോളമായി ആൺകുട്ടികൾ മാത്രം ജനിച്ചിരുന്ന ഈ കുടുംബത്തിലേക്ക് ഒരു പെൺകുഞ്ഞ് എത്തുന്നത് ഇതാദ്യമായാണ്.
ശനിയാഴ്ച ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത അമ്മയെയും കുഞ്ഞിനെയും പുഷ്പാലംകൃതമായ പ്രത്യേക രഥത്തിലാണ് ഇന്ദിരാനഗറിലെ വസതിയിലേക്ക് ആനയിച്ചത്.
മേളവാദ്യങ്ങളുടെയും പടക്കം പൊട്ടിക്കലിന്റെയും അകമ്പടിയോടെ നടന്ന ഗംഭീര പ്രകടനത്തിൽ നിരവധി ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി സന്തോഷസൂചകമായി മധുരപലഹാരങ്ങളും വിതരണം ചെയ്തു.
വർണാഭമായ ദീപങ്ങളാലും പൂക്കളാലും അലങ്കരിച്ച വീടിന്റെ പടിവാതിലിൽ വെച്ച് പരമ്പരാഗതമായി ആരതിയുഴിഞ്ഞാണ് നവജാതശിശുവിനെ കുടുംബാംഗങ്ങൾ അകത്തേക്ക് സ്വീകരിച്ചത്.
പെൺകുഞ്ഞുങ്ങൾ കുടുംബത്തിന് ഭാരമല്ലെന്നും, ആൺകുട്ടികളെപ്പോലെ തന്നെ തുല്യ സന്തോഷത്തോടും അഭിമാനത്തോടും കൂടി അവരെയും സ്വീകരിക്കണമെന്നും ഓർമ്മിപ്പിക്കുന്നതായിരുന്നു ഈ ആഘോഷം.