കോൽക്കത്ത: അറസ്റ്റിലായ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി മിലാൻ പ്രധാന് കോൽക്കത്ത ഹൈക്കോടതി ആറു ക്രിമിനൽ കേസുകളിൽ ഇടക്കാല ജാമ്യം നൽകി. 2007ൽ എടുത്ത ഈ കേസുകളിൽ ഒക്ടോബർ 20 വരെയാണ് ഇടക്കാല ജാമ്യം.
ഒക്ടോബർ ആറിന് നടക്കുന്ന നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിൽ പ്രചാരണം നയിക്കുന്നതിന് ഉൾപ്പടെ കോടതി അനുമതി നൽകിയിട്ടുണ്ട്. ജാമ്യത്തിനു ശേഷം ഒക്ടോബർ 21ന് വിചാരണ നടക്കുന്ന കോടതി മുൻപാകെ പ്രധാൻ കീഴടങ്ങണമെന്ന് വ്യക്തമാക്കിയ ജസ്റ്റീസ് തീർഥങ്കർ ഘോഷ് അറസ്റ്റ് ചെയ്യപ്പെട്ട ആറു കേസുകളിൽ ഓരോ കേസിനും 20,000 രൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കാനും നിർദേശം നൽകി.
അന്വേഷണ ഉദ്യോഗസ്ഥന് പ്രധാന്റെ മൊബൈൽ നന്പർ നൽകാൻ പറഞ്ഞ കോടതി ഉദ്യോഗസ്ഥന് ദിവസത്തിൽ രണ്ടു തവണ ഫോണിൽ വിളിക്കുന്നതിനുള്ള അവകാശമുണ്ടായിരിക്കുമെന്നും അറിയിച്ചു. പ്രതിക്കെതിരായ കേസ് പരിഗണിക്കുന്പോൾ വിചാരണക്കോടതി മജിസ്ട്രേറ്റിന് അനുയോജ്യമായ മറ്റു നടപടികൾ കൈക്കൊള്ളാവുന്നതാണെന്നും ജാമ്യ ഉത്തരവ് കൈമാറിക്കൊണ്ട് ജസ്റ്റീസ് ഘോഷ് വ്യക്തമാക്കി. നന്ദിഗ്രാമിലെ ഭൂമി ഏറ്റെടുക്കലിനെതിരേയുണ്ടായ പ്രക്ഷോഭങ്ങളിൽ കൊലപാതകം, കൊലപാതക ശ്രമം, ആയുധ നിയമത്തിന്റെ ലംഘനം എന്നിവയാണ് കേസുകളിലെ വകുപ്പുകൾ.