ന്യൂഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനുള്ളിലെ കൂടുതൽ ആഭ്യന്തര ഭിന്നതകൾ പുറത്ത്. ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണർ മനീഷ് ഗാർഗ് അധികാര ദുർവിനിയോഗം നടത്തിയെന്നാരോപിച്ച് രണ്ട് തെരഞ്ഞെടുപ്പു കമ്മിഷണർമാർ കാബിനറ്റ് സെക്രട്ടറിക്കു പരാതി നൽകിയ വിവരമാണ് ഏറ്റവുമൊടുവിൽ വിവാദമായിരിക്കുന്നത്.
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിലൂടെയാണ് കമ്മിഷനിലുള്ളിലെ പോരിനെക്കുറിച്ചും കേന്ദ്രസർക്കാരിന് പരാതി നൽകിയതിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവന്നത്.
അഡ്മിനിസ്ട്രേഷൻ വിഭാഗത്തിന്റെ താത്കാലിക ചുമതല ലഭിച്ച മനീഷ് ഗാർഗ്, കമ്മിഷന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരുടെ ചുമതലകൾ സ്വന്തം നിലയ്ക്കു മാറ്റി നിശ്ചയിച്ചതാണ് ഭിന്നതയ്ക്കും പരാതിക്കുമിടയാക്കിയത്.
കമ്മിഷന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരുടെ ചുമതലകൾ സ്വന്തം നിലയ്ക്കു മാറ്റി നിശ്ചയിക്കുന്നത് 2023ലെ തെരഞ്ഞെടുപ്പു കമ്മിഷൻ നിയമത്തിന്റെ ലംഘനമാണ്. വിഷയവുമായി ബന്ധപ്പെട്ട ഔദ്യോഗിക ഫയലുകൾ ആവശ്യപ്പെട്ടിട്ടും അഡ്മിനിസ്ട്രേഷൻ വിഭാഗം നൽകാൻ തയാറായില്ലെന്നും പരാതിയിലുണ്ട്.
എന്നാൽ, ഭരണഘടന സ്ഥാപനത്തിന്റെ ആഭ്യന്തര കാര്യമായതിനാലും പരാതികൾ വ്യക്തിപരമായതിനാലും നേരിട്ട് ഇടപെടാൻ കാബിനറ്റ് സെക്രട്ടേറിയറ്റ് വിസമ്മതിച്ചു. തുടര്ന്ന് വിഷയം പേഴ്സണൽ മന്ത്രാലയത്തിനും മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർക്കും കൈമാറുകയായിരുന്നു.
നേരത്തേ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട തീരുമാനങ്ങളിലും ഈ രണ്ടു കമ്മിഷണർമാർ 14 തവണ ഔദ്യോഗിക നിലപാടിനോട് വിയോജിപ്പ് അറിയിച്ചതായുള്ള വിവരം പുറത്തുവന്നിരുന്നു.