തിരുവനന്തപുരം: 31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ വിവിധ വിഭാഗങ്ങളിലേക്കുള്ള സിനിമകൾ തെരഞ്ഞെടുത്തു. രാജ്യാന്തര മത്സരവിഭാഗത്തിലേക്ക് 14 ചിത്രങ്ങളും മലയാളം സിനിമ ടുഡേ വിഭാഗത്തിലേക്ക് 12 ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിലേക്ക് ഏഴ് ചിത്രങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.
മലയാള സിനിമയ്ക്ക് രാജ്യാന്തര തലത്തിൽ കൂടുതൽ പ്രേക്ഷകശ്രദ്ധയും അംഗീകാരവും ഉറപ്പാക്കുന്നതിനായി ഇത്തവണ പുതിയ വിഭാഗവും മേളയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാള സിനിമ ക്രിട്ടിക്സ് ഡിസ്കവറി എന്ന പേരിലാണ് പുതിയ വിഭാഗം ആരംഭിക്കുന്നത്. കലാപരമായ മികവും വ്യത്യസ്തമായ ആവിഷ്കാരശൈലിയും പുലർത്തുന്ന മലയാള ചിത്രങ്ങളെ രാജ്യാന്തര ചലച്ചിത്രമേഖലയിലെ പ്രമുഖർക്കും നിരൂപകർക്കും പരിചയപ്പെടുത്തുകയാണ് പുതിയ വിഭാഗത്തിന്റെ ലക്ഷ്യം.
ഇതിലൂടെ മലയാള സിനിമകൾക്ക് കൂടുതൽ അന്താരാഷ്ട്ര പ്രേക്ഷകശ്രദ്ധ ലഭിക്കുമെന്നും വിദേശ ചലച്ചിത്രമേളകളിൽ കൂടുതൽ പ്രാതിനിധ്യം ഉറപ്പാക്കാനാകുമെന്നുമാണ് പ്രതീക്ഷ. മലയാളത്തിലെ ശ്രദ്ധേയമായതും കലാപരമായ സവിശേഷതകൾ പുലർത്തുന്നതുമായ ചിത്രങ്ങൾക്ക് ആഗോളതലത്തിൽ പുതിയ വേദികൾ തുറന്നുകൊടുക്കാനും അവയുടെ ചലച്ചിത്രമൂല്യം അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്താനും പുതിയ വിഭാഗം സഹായകമാകും.