കൂത്തുപറമ്പ്: നിർമലഗിരി ഓട്ടോണമസ് കോളേജ് സെമിനാർ ആൻഡ് അക്കാദമിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര ചലച്ചിത്ര-കലാ ശിൽപശാലയ്ക്ക് തുടക്കമായി. 25വരെ കോളജിലെ മിനി ഓഡിറ്റോറിയത്തിൽ നടക്കുന്ന ശിൽപശാലയുടെ ഉദ്ഘാടനം നിർമലഗിരി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജർ മോൺ. ആന്റണി മുതുകുന്നേൽ നിർവഹിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. സാബു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സെമിനാർ ആൻഡ് അക്കാദമിക് ഫോറം കൺവീനർ സിസ്റ്റർ ഡോ. വി.എ. സോണിയ ഫിലോമിന, ബേബി ബേക്ക്സ് ആൻഡ് സിനിമാസ് ഉടമ കെ. നിധീഷ്, ലയൺസ് ക്ലബ് കൂത്തുപറമ്പ് സിറ്റി പ്രസിഡന്റ് ചന്ദ്രൻ, പിടിഎ വൈസ് പ്രസിഡന്റ് കെ. സുരേന്ദ്രൻ, മലയാളവിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. ജെയ്സൺ ജോസഫ് എന്നിവർ പ്രസംഗിച്ചു. ഇന്നലെ രാവിലെ നടന്ന പൊതുസെഷനിൽ ചലച്ചിത്രനിർമാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് ക്ലാസുകൾ നടന്നു.
ഗുഡ്നസ് ഫിലിം സ്കൂളിലെ ഫാക്കൽറ്റികളായ അലിന് വെൽസ്, രഞ്ജു പ്രകാശ്, യാരെദ് ജോസഫ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
ചലച്ചിത്ര സംവിധായകനും ഫിലിം ഫെയർ അവാർഡ് ജേതാവുമായ ഹരി എം. മോഹനൻ, സമകാലിക കലാകാരിയും ലുമിനറി ആർട്ടിസ്റ്റിക് ഇന്റർനാഷണൽ അവാർഡ് ജേതാവുമായ ആദർശ അജയ് എന്നിവരാണ് മൂന്നാംദിവസത്തെ പ്രധാന റിസോഴ്സ് പേഴ്സൺമാരായി പങ്കെടുക്കുന്നത്. ശിൽപശാല 25ന് സമാപിക്കും.