കൊച്ചി: ജീവിതത്തിന്റെ ഏതു സങ്കീർണ ഘട്ടങ്ങളിലും മനസറിഞ്ഞൊന്നു ചിരിക്കാനായാൽ അതിൽപ്പരം നമുക്കെന്തുവേണം...?
ചിരിയോഗയിലൂടെ ആയിരക്കണക്കിനാളുകളെ ചിരിപ്പിച്ചുണർത്തിയ സെബാസ്റ്റ്യന്റെ വാക്കുകൾക്കിടയിൽ ചിരിയുടെ മനഃശാസ്ത്രമൊളിപ്പിച്ചിട്ടുണ്ട്.
യോഗാചാര്യനായിരുന്ന കൊച്ചി കലൂർ കളത്തിൽ വീട്ടിൽ കെ.സി. ലോനനിൽനിന്നാണ് മകൻ സെബാസ്റ്റ്യൻ യോഗയുടെ ആദ്യപാഠങ്ങൾ പഠിച്ചത്. പരന്പരാഗത യോഗയുടെ സങ്കീർണമായ ചിട്ടകളേക്കാൾ ചിരിയോഗയുടെ വഴികളോടായിരുന്നു സെബാസ്റ്റ്യനു പ്രിയം.
ചിരിയോഗ മാസ്റ്ററായിരുന്ന മാള സ്വദേശി രാജൻ 15 വർഷം മുന്പ് കൊച്ചിയിൽ നടത്തിയ ക്ലാസുകളും പരിശീലനങ്ങളുമാണ് സെബാസ്റ്റ്യനെ അതിലേക്കു വഴിതിരിച്ചുവിട്ടത്. വ്യവസായി കൊച്ചൗസേഫ് ചിറ്റിലപ്പിള്ളിയുടെ പ്രോത്സാഹനം കൂടിയായതോടെ ചിരിയോഗ പഠിച്ച സെബാസ്റ്റ്യൻ വൈകാതെ ചിരിയോഗയുടെ മാസ്റ്ററായി.
കാൽവിരൽ മുതൽ കണ്ണുവരെ ശരീരത്തിലെ അവയവങ്ങളേറെയും ചിരിയോഗയുടെ ചിട്ടകളിൽ സജീവമാക്കുന്ന സെബാസ്റ്റ്യനിൽനിന്നു പരിശീലനം നേടാൻ ഇന്ന് ആളുകളേറെ.
വ്യത്യസ്തരീതികളിലുള്ള ചിരികളും കൈയടികളും നൃത്തവുമെല്ലാം ചിരിയോഗയുടെ ഭാഗമാണ്. അനാഥമന്ദിരങ്ങളിലും ഭിന്നശേഷി വിദ്യാർഥികളുടെ സ്കൂളുകളിലും സെബാസ്റ്റ്യൻ പ്രത്യേക യോഗ സെഷനുകൾ നടത്തുന്നുണ്ട്.
ഏറ്റുമാനൂരിലെ സേവാഗ്രാമിൽ ഒരു വർഷത്തോളം പരിശീലനം നൽകി. ചിരിപ്പിച്ചും മനസുകളെ ഉണർത്തിയും സെബാസ്റ്റ്യൻ യോഗാവഴികളിൽ ഇന്നും സജീവം.