ലണ്ടൻ: തുർക്കിയിൽ സ്വതന്ത്ര മാധ്യമങ്ങളും വെബ്സൈറ്റുകളും നേരിടുന്ന ഇന്റർനെറ്റ് സെൻസർഷിപ്പ് അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ, മാധ്യമ സ്വാതന്ത്ര്യ സംഘടനകൾ ആവശ്യപ്പെട്ടു.
അടുത്തകാലത്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ മാത്രം 1,270 അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണിത്.
മാധ്യമസ്ഥാപനങ്ങൾക്കു പുറമേ സ്വതന്ത്ര നിലപാടുകൾ പുലർത്തുന്ന അക്കാദമിക, വനിതാ അവകാശ ഗ്രൂപ്പുകളുടെയും സ്വവർഗരതിക്കാരുടെയും സംഘടനകളെ ലക്ഷ്യമിട്ടാണ് തുർക്കി ഭരണകൂടം ഇന്റർനെറ്റ് നിയന്ത്രണം നടപ്പാക്കുന്നത്.
ഹ്യൂമൻ റൈറ്റ്സ് വാച്ച്, ആംനസ്റ്റി ഇന്റർനാഷണൽ, കമ്മിറ്റി റ്റു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്സ് തുടങ്ങി 21 സംഘടനകളാണ് ഇതിനെതിരേ ഒരുമിച്ച് രംഗത്തുവന്നിരിക്കുന്നത്.
19 ലക്ഷം ഫോളോവേഴ്സുള്ള ടി24 എന്ന സ്വതന്ത്ര വാർത്താ വെബ്സൈറ്റ് നിരോധിക്കപ്പെട്ടത് പ്രധാന ഉദാഹരണമായി സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.
കുടുംബഘടനയെ തകർക്കുന്നതും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ലിംഗബോധത്തെ ബാധിക്കുന്നതുമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു എന്ന പേരിൽ കോടതിയാണ് വെബ്സൈറ്റ് പൂട്ടാൻ ഉത്തരവിട്ടത്. മനുഷ്യാവകാശ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന നാലു ലക്ഷം ഫോളോവേഴ്സുള്ള ബിയാനെറ്റ് എന്നു പേരുള്ള സ്വതന്ത്ര വാർത്താ വെബ്സൈറ്റും അടുത്തകാലത്ത് ബ്ലോക്ക് ചെയ്യപ്പെട്ടതായി സംഘടനകൾ ചൂണ്ടിക്കാട്ടി.