ബംഗാളി വിവാഹ വസ്ത്രങ്ങളണിഞ്ഞ നവദമ്പതികൾ പവിത്രമായ വിവാഹ മണ്ഡപത്തിലിരുന്ന് പരസ്പരം ചുംബിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സൈബർ ലോകത്ത് വലിയ വാദപ്രതിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്.
35 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ ഏതാണ്ട് 32 സെക്കൻഡോളം ദമ്പതികൾ ദീർഘമായി ചുംബിക്കുന്നത് കാണാം. പൂക്കൾ വിതറിയ മണ്ഡപത്തിൽ ഹോമകുണ്ഡത്തിന് സമീപമിരുന്നാണ് വധൂവരന്മാരുടെ ഈ പ്രകടനം.
ചുവന്ന കുർത്തയണിഞ്ഞ വരനും ആഭരണങ്ങളും മാംഗ് ടിക്കയും അണിഞ്ഞ് പരമ്പരാഗത വധുവിന്റെ വേഷത്തിലുള്ള യുവതിയും ഒരു സിനിമയിലെന്നപോലെ ഈ നിമിഷം ആസ്വദിക്കുമ്പോൾ സമീപത്തുതന്നെ ക്യാമറാമാൻ ഇവരുടെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ വ്യക്തമാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ദൃശ്യങ്ങൾ ഒരു യഥാർഥ വിവാഹ ചടങ്ങിലേതാണോ അതോ ഏതെങ്കിലും വെബ് സീരീസിന്റെ ഭാഗമായി ചിത്രീകരിച്ചതാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
വിവാഹത്തിന്റെ പവിത്രതയെ കളങ്കപ്പെടുത്തുന്ന പ്രവർത്തിയാണ് ഇതെന്നും പാശ്ചാത്യ രാജ്യങ്ങളിൽ പോലും വിവാഹശേഷം ലളിതമായ ചുംബനങ്ങൾ മാത്രമാണ് പതിവെന്നും ഒരു വിഭാഗം വിമർശിക്കുമ്പോൾ, പ്രണയവും അടുപ്പവും പരസ്യമായി പ്രകടിപ്പിക്കുന്നതിനെ എന്തിനാണ് ഭയക്കുന്നത് എന്നാണ് ഇതിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്.
നമ്മുടെ പുരാതന ഗ്രന്ഥങ്ങളിൽ പോലും ശാരീരിക ബന്ധങ്ങളെയും പ്രണയത്തെയും കുറിച്ച് പരാമർശമുണ്ടെന്നും അതിനാൽ അഗ്നിദേവന്റെ സാന്നിധ്യത്തിൽ സ്നേഹം പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും ദമ്പതികളെ പിന്തുണയ്ക്കുന്നവർ വാദിക്കുന്നു.
പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികതയോ ഇത് എവിടെ നടന്നതാണെന്നോ സംബന്ധിച്ച കൃത്യമായ വിവരങ്ങൾ നിലവിൽ ലഭ്യമല്ല. എങ്കിലും എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളിൽ ലക്ഷക്കണക്കിന് ആളുകളാണ് ഈ ദൃശ്യങ്ങൾ ഇതിനോടകം കണ്ടത്.
തീവ്രമായ സ്നേഹപ്രകടനത്തെ ചിലർ ലസ്റ്റ് അഥവാ കാമം എന്ന് വിശേഷിപ്പിക്കുമ്പോൾ, മറ്റു ചിലർ ഇതിനെ വ്യക്തിസ്വാതന്ത്ര്യമായും പ്രണയത്തിന്റെ ആഘോഷമായും കാണുന്നു.
ഒളിഞ്ഞുനോട്ടക്കാരുടെ കണ്ണട മാറ്റിയാൽ ഇതിൽ തെറ്റൊന്നും കാണാൻ കഴിയില്ലെന്നാണ് അനുകൂലിക്കുന്നവരുടെ പക്ഷം.