ന്യൂഡൽഹി: സാമ്പത്തിക നിക്ഷേപ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനായി പുതിയ പ്രചാരണ പരിപാടി ആരംഭിച്ച് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി).
നിക്ഷേപങ്ങൾ കൂടുതൽ ലളിതമായും സുരക്ഷിതമായും പൊതുജനങ്ങളിലേക്ക് എത്തിക്കുകയാണ് പദ്ധതിയിലൂടെ സെബി ലക്ഷ്യമിടുന്നത്. “സമാജ് സേ ഇൻവെസ്റ്റിംഗ് സിംപിൾ” (നിക്ഷേപം ലളിതമായി മനസിലാക്കാം) എന്നാണ് ഈ പ്രചാരണപരിപാടിക്കു നൽകിയിരിക്കുന്ന പേര്.
വിവിധങ്ങളായ നിക്ഷേപ ഉത്പന്നങ്ങൾ, അവയിലെ അപകടസാധ്യതകൾ , സവിശേഷതകൾ എന്നിവ കൃത്യമായി തിരിച്ചറിയാൻ പദ്ധതി നിക്ഷേപകരെ സഹായിക്കും. കൂടാതെ, ഓൺലൈൻ നിക്ഷേപ പ്ലാറ്റ്ഫോമുകളുടെയും പേമെന്റ് അഭ്യർഥനകളുടെയും വ്യാജമല്ലാത്ത ആധികാരികത ഉറപ്പുവരുത്താനും ബോധവത്കരണത്തിലൂടെ സാധിക്കും. തട്ടിപ്പുകളിൽ വീഴാതെ, കൃത്യമായ അറിവോടെ അനുയോജ്യമായ നിക്ഷേപ തീരുമാനങ്ങൾ എടുക്കാൻ ഇതു സാധാരണക്കാരെ പ്രാപ്തരാക്കും.
സാമ്പത്തിക സാക്ഷരത വർധിപ്പിക്കുന്നതിനും സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിനുമായി തയാറാക്കിയ ഈ പദ്ധതിയിൽ, വിവിധ ഭാഷകളിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളിലേക്കും വിവരങ്ങൾ എത്തിക്കുന്ന ബഹുഭാഷാ-ബഹുതല സമീപനമാണു സെബി സ്വീകരിച്ചിരിക്കുന്നത്.