Kerala
കൊച്ചി: “മോനെ ആഞ്ചലോ, ഞാന് മമ്മൂട്ടിയാണ്. സിനിമയിലൊക്കെ അഭിനയിക്കുന്ന, ടിവിയിലൊക്കെ കാണുന്ന മമ്മൂക്ക. നന്നായി പഠിക്കണം, മിടുക്കനായി വളരണം’’- നിശബ്ദമായിരുന്ന അവന്റെ കുഞ്ഞുലോകത്തേക്ക് ആ ശബ്ദമെത്തിയപ്പോള് ആഞ്ചലോയ്ക്ക് ആദ്യം അമ്പരപ്പായിരുന്നു. അവന് ജീവിതത്തിലാദ്യമായി ഒരു മനുഷ്യശബ്ദം കേള്ക്കുകയായിരുന്നു. അതും താന് ആരാധിക്കുന്ന മമ്മൂക്കയുടെ.
ജനനം മുതല് കേള്വിയില്ലാതെ നിശബ്ദതയുടെ തടവറയില്നിന്ന് ഇടുക്കി ചെമ്മണ്ണാര് സ്വദേശികളായ ജെയ്സണ്-ആന്ഷ ദമ്പതികളുടെ നാലു വയസുകാരന് മകന് ആഞ്ചലോയ്ക്കു മോചനമേകിയത് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയര് ആന്ഡ് ഷെയര് ഇന്റര്നാഷണല് ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി നടപ്പാക്കുന്ന ‘കാതോട് കാതോരം’പദ്ധതിയാണ്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളിലെ കുട്ടികള്ക്ക് കോക്ലിയര് ഇംപ്ലാന്റേഷന് ശസ്ത്രക്രിയയിലൂടെ കേള്വിശക്തി നല്കുന്നതിനായി മമ്മൂട്ടി മുന്കൈയെടുത്ത് ആരംഭിച്ച പദ്ധതി ആഞ്ചലോയ്ക്കും കരുതലായി മാറി. രാജഗിരിയില് ശസ്ത്രക്രിയ കഴിഞ്ഞ് സ്വിച്ച് ഓണ് കര്മം നിര്വഹിച്ചപ്പോഴാണ് ആഞ്ചലോ ആദ്യമായി ചുറ്റുമുള്ള ശബ്ദങ്ങള് കേട്ടുതുടങ്ങിയത്.
രാജഗിരി ആശുപത്രിയിലെ ഇഎന്ടി ഹെഡ് ആന്ഡ് നെക്ക് സര്ജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോര്ജിന്റെ നേതൃത്വത്തിലാണ് കോക്ലിയര് ഇംപ്ലാന്റേഷന് ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയാക്കിയത്.
ഇംപ്ലാന്റ് സര്ജന് ഡോ. സജിത്ത് ഏബ്രഹാം, ഡോ. ജിത്തു സക്കറിയ, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, പിഐസിയു വിഭാഗം മേധാവി ഡോ. സൗമ്യ മേരി തോമസ്, ഇംപ്ലാന്റ് കോ-ഓര്ഡിനേറ്റര് എല്ജി എം. മാത്യു, സീനിയര് ഓഡിയോളജിസ്റ്റ് അബിന് ലാസര്, സീനിയര് തെറാപ്പിസ്റ്റ് സാറ പോള് എന്നിവര് ചികിത്സയില് പങ്കാളികളായി.
ശസ്ത്രക്രിയ വിജയകരമായി പൂര്ത്തിയായെങ്കിലും മാസങ്ങള് നീളുന്ന സ്പീച്ച് തെറാപ്പിയിലൂടെയും മറ്റു പരിശീലനങ്ങളുടെയും സഹായത്തോടെ വേണം സംസാരശേഷി വീണ്ടെടുക്കാന്. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. ജോണ്സണ് വാഴപ്പിള്ളിയും ചടങ്ങില് പങ്കെടുത്തു.
Business
കൊച്ചി: വനിതകള്ക്ക് പ്രഫഷണല് ടാക്സി ഡ്രൈവര്മാരാകാന് പരിശീലനവും തൊഴിലും നല്കുന്ന ഐബിഎസ് സോഫ്റ്റ്വേറിന്റെ സിഎസ്ആര് പദ്ധതിയായ ഫ്യൂച്ചർ പോയിന്റ് കാബ്സ്, 40 പുതിയ വനിതാ ഡ്രൈവര്മാരെ നിയമിക്കും.
ഇതിലേക്ക് 21നും 45നും ഇടയില് പ്രായമുള്ള വനിതകളില്നിന്ന് അപേക്ഷ ക്ഷണിച്ചു. എറണാകുളത്തെ കാക്കനാടാണ് പരിശീലനകേന്ദ്രം. രണ്ട് മാസമാണ് പരിശീലന കാലാവധി. ഭക്ഷണമടക്കം പൂര്ണമായും സൗജന്യമായാണ് പരിശീലനം. ഫോര് വീല് ഡ്രൈവര് ലൈസന്സ് ഉള്ളവര്ക്ക് മുന്ഗണന.
ലൈസന്സ് ഇല്ലാത്തവരെയും പരിഗണിക്കും. താത്പര്യമുള്ളവര് 8129902043 എന്ന നമ്പറില് നേരിട്ടോ വാട്സാപ്പിലൂടെയോ ബന്ധപ്പെടണം.
കൊച്ചി കേന്ദ്രമായി നടക്കുന്ന ഈ പദ്ധതി രണ്ടാം വര്ഷത്തിലേക്ക് കടക്കുമ്പോള് ആധുനിക സൗകര്യങ്ങളോടുകൂടിയ പത്ത് കാറുകളും 25 വനിതാ ഡ്രൈവര്മാരും 4,500 ലധികം ട്രിപ്പുകളുമായി വളർന്നെന്ന് അധികൃതർ പറഞ്ഞു.
നിലവില് ഇൻഫോ പാര്ക്ക് കേന്ദ്രീകരിച്ചു നടത്തുന്ന കാബ്സ് സേവനങ്ങള് നഗരത്തിലെ കൂടുതല് പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് ഐബിഎസ് സ്ഥാപകനും ചെയര്മാനുമായ വി.കെ. മാത്യൂസ് പറഞ്ഞു.
Kerala
തൃശൂര്: മുൻ കെസിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയെ ബിജെപിയിലേയ്ക്കു ക്ഷണിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗം പദ്മജ വേണുഗോപാല്. സുധാകരന് വഴിയാധാരമാകില്ലെന്നും പദ്മജ പറഞ്ഞു.
നിരവധിപേര് കോണ്ഗ്രസ് വിട്ട് ബിജെപിയില് ചേരാന് തയാറായി നില്ക്കുകയാണെന്നും കെ. കരുണാകരനോട് അനീതി കാണിച്ചവര് കെ. സുധാകരനോട് അനീതി കാട്ടുന്നതില് അതിശയമില്ലെന്നും പദ്മജ പറഞ്ഞു. കോൺഗ്രസും മുന് കെപിസിസി അധ്യക്ഷൻ കെ. സുധാകരനും തമ്മിലുള്ള കണ്ണൂരിലെ സീറ്റ് തർക്കത്തിനിടെയാണു പദ്മജയുടെ ക്ഷണം.
"നിലവിലെ സാഹചര്യത്തില്, സുധാകരേട്ടന് ഉള്പ്പടെയുള്ളവര്ക്കു കോണ്ഗ്രസില് അതൃപ്തിയുണ്ട്. മരണംവരെ തൃശൂരിലെ തോല്വിയില് കരുണാകരനു വേദനയായിരുന്നു. സുധാകരനെപ്പോലുള്ള ആളുകള് ബിജെപിയിലേക്കു വരേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്.
കോണ്ഗ്രസ് ഉണ്ടാക്കിയ കെ. കരുണാകരന്റെ മകളോട് ഇങ്ങനെ കാണിക്കാമെങ്കില് കെ. സുധാകരനോട് ഇങ്ങനെ കാണിക്കുന്നതില് എന്താണ് അതിശയം. കോണ്ഗ്രസില് ഉണ്ടായിരുന്നപ്പോഴും വളരെ അടുപ്പമുണ്ടായിരുന്ന ആളാണു സുധാകരേട്ടൻ"- പദ്മജ പറഞ്ഞു.
Kerala
തിരുവനന്തപുരം: യുഡിഎഫ് ഹെൽത്ത് കമ്മീഷൻ റിപ്പോർട്ടിനെ സംബന്ധിച്ച് ആരോഗ്യമന്ത്രി നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മീഷൻ ചെയർമാൻ ഡോ. എസ്.എസ്. ലാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.
റിപ്പോർട്ട് സമഗ്രമായി പഠിക്കാതെയും അതിന്റെ ഉള്ളടക്കം വ്യക്തമായി മനസിലാക്കാതെയും നടത്തിയ പരാമർശങ്ങളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.
റിപ്പോർട്ടിനെക്കുറിച്ച് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യമന്ത്രിയുമായി ഒരു പരസ്യ സംവാദത്തിന് തയാറാണെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.