ടെഹ്റാൻ: ഇറാനിൽ അമേരിക്കൻ ബോംബിംഗ്. മറുപടിയായി ഗൾഫിലെ അമേരിക്കൻ സഖ്യരാഷ്ട്രങ്ങളെ ആക്രമിച്ച് ഇറാൻ. പശ്ചിമേഷ്യാ സംഘർഷം ലഘൂകരിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ കാര്യമായ ഫലം ചെയ്യുന്നില്ലെന്നു വ്യക്തമാക്കുന്നതായിരുന്നു ചൊവ്വാഴ്ച രാത്രിയിലെ സംഭവവികാസങ്ങൾ.
ഇറാനിലെ ഖെ്വഷം ദ്വീപിലാണ് അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബിട്ടത്. ഇറാന്റെ മിസൈൽ വിക്ഷേപണകേന്ദ്രമാണു ലക്ഷ്യമിട്ടതെന്ന് അമേരിക്കൻ വൃത്തങ്ങൾ അറിയിച്ചു.
ഇതിനു പിന്നാലെ ബഹറിനിലും കുവൈറ്റിലും ഇറാന്റെ വ്യോമാക്രമണമുണ്ടായി. ബഹറിനിൽ ഈയാഴ്ച മൂന്നാം തവണയാണ് ഇറേനിയൻ ആക്രമണം. കുവൈറ്റിൽ സെപ്റ്റംബറിനുശേഷമുള്ള ആദ്യ ആക്രമണവും.
ഇറാന്റെ ആക്രമണം പരാജയപ്പെടുത്തിയെന്നാണ് ബഹറിൻ അറിയിച്ചത്. കുവൈറ്റിലെ അലി അൽ സലേം സൈനികതാവളത്തിലുള്ള അമേരിക്കൻ മിസൈൽ, ഡ്രോൺ കേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇറേനിയൻ സൈനികവൃത്തങ്ങൾ അറിയിച്ചു. അമേരിക്ക തെറ്റ് ആവർത്തിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് ഇറേനിയൻ കരസേനാ മേധാവി അമീർ ഹതാമി ഭീഷണി മുഴക്കി.