ടെഹ്റാൻ: യുഎസ്-ഇസ്രേലി ആക്രമണത്തിൽ പരിക്കേറ്റ ഇറാനിലെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയ് ഇതുവരെ സുഖം പ്രാപിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. അദ്ദേഹത്തിന്റെ മുഖത്തിന് അംഗഭംഗം സംഭവിച്ചെന്നും ഒരു കാൽ നഷ്ടപ്പെട്ടിരിക്കാമെന്നുമാണ് അനുമാനം.
അതേസമയം, മുജ്തബയുടെ മാനസികാരോഗ്യം തൃപ്തികരമാണ്. ഇറാന്റെ നയരൂപീകരണത്തിൽ അദ്ദേഹം സജീവമായി ഇടപെടുന്നുണ്ട്. വെടിനിർത്തൽ ചർച്ചയിൽ അന്തിമതീരുമാനം എടുത്തതും മുജ്തബയാണെന്നു പറയുന്നു.
യുദ്ധമാരംഭിച്ച ഫെബ്രുവരി 28നാണ് മുജ്തബയ്ക്കു പരിക്കേറ്റത്. അദ്ദേഹത്തിന്റെ പിതാവും ഇറാനിലെ മുൻ പരമോന്നത നേതാവുമായ ആയത്തൊള്ള അലി ഖമനയ് ആക്രമണത്തിൽ കൊല്ലപ്പെട്ടു. ടെഹ്റാനിലെ ആയത്തൊള്ളയുടെ വസതിക്കു നേർക്കുണ്ടായ വ്യോമാക്രമണത്തിൽ മുജ്തബയുടെ ഭാര്യ അടക്കമുള്ള അടുത്ത ബന്ധുക്കളും കൊല്ലപ്പെട്ടു.
ആയത്തൊള്ളയുടെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മുജ്തബയുടെ ചിത്രം, വീഡിയോ, ഓഡിയോ എന്നിവ പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്റെ താമസസ്ഥലത്തെക്കുറിച്ചും അവ്യക്തത തുടരുന്നു.
അതേസമയം, മുതിർന്ന ഉദ്യോഗസ്ഥരുമായി മുജ്തബ കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് ഇറേനിയൻ വൃത്തങ്ങൾ സൂചിപ്പിച്ചത്.