ടെഹ്റാന്: ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ഇസ്രയേൽ സൈന്യം രണ്ടാം ഘട്ട ആക്രമണം ആരംഭിച്ചു. ഇറാന്റെ ഔദ്യോഗിക വാർത്താ വിതരണ കേന്ദ്രമായ ഐആർഐബി ആസ്ഥാനത്തിന് സമീപം ശക്തമായ രണ്ട് സ്ഫോടനങ്ങൾ നടന്നതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയ നിവാസികൾക്ക് ഇസ്രേയേൽ സൈന്യം അടിയന്തര ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹിസ്ബുള്ളയുടെ കേന്ദ്രമായ ഇവിടെ ശക്തമായ ആക്രമണത്തിന് സാധ്യതയുണ്ടെന്നാണ് സൂചന.
തെക്കൻ ലബനനിലെ ഐത അൽ-ഷാബ്, നഖൗറ, മെയ്സ് അൽ-ജബ തുടങ്ങി മുപ്പതോളം ഗ്രാമങ്ങളിൽ വൻതോതിലുള്ള ഒഴിപ്പിക്കൽ നിർദേശം നൽകിയിട്ടുണ്ട്. ജനങ്ങൾ എത്രയും വേഗം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.
ഇറാനും അമേരിക്കയും തമ്മിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കുന്നതിനിടെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്ക് പകരമായാണ് ഈ നടപടിയെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കി. ടെഹ്റാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് പുതിയ നീക്കങ്ങൾ.