വൈറ്റില: പാലാരിവട്ടം ബൈപ്പാസില്‍ ടോറസിനടിയിൽ പെട്ട് സ്കൂട്ടര്‍ യാത്രികയായ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥയ്ക്ക് ദാരുണാന്ത്യം. കുമ്പളം ചാത്തമ്മ അറയ്ക്കല്‍ വീട്ടില്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ സിന്ധു (51) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.15 ഓടെ ബൈപ്പാസില്‍ മണ്‍സൂണ്‍ എംപ്രസ് ഹോട്ടലിന് മുമ്പിലാണ് അപകടമുണ്ടായത്.
കാക്കനാട് സിവിൽ സ്റ്റേഷനിൽ ഇറിഗേഷൻ വകുപ്പ് ഡ്രഡ്ജർ സബ് ഡിവിഷൻ ഓഫീസിലെ ക്ലാർക്കായിരുന്ന സിന്ധു രാവിലെ ഓഫീസിലേക്ക് വരുമ്പോഴായിരുന്നു അപകടം. മുന്നിലൂടെ പോയിരുന്ന കാർ സർവീസ് റോഡിലേക്ക് തിരിയുന്നതിനി ടെ പിറകിൽ വന്നിരുന്ന സിന്ധു വിന്റെ സ്കൂട്ടർ തട്ടുകയും നിയന്ത്രണം വിട്ട് സിന്ധു റോ ഡിലേക്ക് തെറിച്ചു വീഴുകയുമാ യിരുന്നു. റോഡിലേക്ക് മറിഞ്ഞു വീണ സിന്ധുവിന്റെ തലയിലൂടെ ലോറി കയറിയിറങ്ങി തത്ക്ഷണം മരിച്ചു.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ലോറി ഡ്രൈവര്‍ ഫോര്‍ട്ടുകൊച്ചി സ്വദേശി നാസറിനെ പോലീസ് അറസ്റ്റ് ചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു. സിന്ധുവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്കാരം ചാത്തമ്മ നിത്യസഹായ മാതാ പള്ളിയിൽ നടത്തി. ഭർത്താവ്: പരേതനായ ജോർജ്. മക്കൾ: അഖിൽ ജോർജ്, ജോയൽ ജോർജ്.