ന്യൂഡൽഹി: കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്ന സോഹോ സിഇഒ ശ്രീധർ വെമ്പുവിന്റെ പ്രസ്താവനയോട് പ്രതികരിച്ച മകൻ ഇഷാൻ തരൂരിന് കിടിലൻ മറുപടിയുമായി കോൺഗ്രസ് എംപിയും മുതിർന്ന നേതാവുമായ ശശി തരൂർ. കുട്ടികൾക്ക് മുൻപ് പഴയ ചിന്താഗതിക്കാരായ മുതിർന്നവരെയാണ് (ബൂമർമാർ) വാട്ട്സ്ആപ്പിൽ നിന്ന് നിരോധിക്കേണ്ടത് എന്ന ഇഷാന്റെ പോസ്റ്റിനാണ് ശശി തരൂർ തന്റെ തനത് ശൈലിയിൽ മറുപടി നൽകിയത്.
കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന ആശയത്തോട് താൻ പൂർണമായും യോജിക്കുന്നുണ്ടെന്നും, എന്നാൽ മറ്റെന്ത് ചെയ്യുന്നതിന് മുൻപും ഇന്ത്യയിലെ 'ബൂമർ'മാരെ വാട്ട്സാപ്പ് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയാണ് ആദ്യം വേണ്ടതെന്നുമായിരുന്നു ഇഷാൻ എക്സിൽ കുറിച്ചത്. ഇതിന് മറുപടിയായി, പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇന്ത്യയിലെ ജനനനിരക്കും രീതികളും വെച്ചുനോക്കുമ്പോൾ നിന്റെ തലമുറ ഉൾപ്പെടെയുള്ള എല്ലാ ഇന്ത്യക്കാരും 'ബേബി ബൂമർ'മാർ ആണെന്നായിരുന്നു ശശി തരൂരിന്റെ രസകരമായ മറുപടി.
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1946-നും 1964-നും ഇടയിൽ ജനിച്ചവരെയാണ് സാധാരണയായി 'ബേബി ബൂമേഴ്സ്' എന്ന് വിളിക്കുന്നത്. എന്നാൽ കാലഹരണപ്പെട്ട ചിന്താഗതികൾ വെച്ചുപുലർത്തുകയും ആവശ്യമില്ലാതെ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നവരെ പരിഹസിക്കാൻ യുവാക്കൾക്കിടയിൽ ഉപയോഗിക്കുന്ന പ്രയോഗമാണ് 'ബൂമർ'. 15 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയും സ്കൂളുകളിൽ മൊബൈൽ ഫോണും നിരോധിച്ചുകൊണ്ട് ഫ്രഞ്ച് പാർലമെന്റ് പാസാക്കിയ പുതിയ നിയമത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ശ്രീധർ വെമ്പുവിന്റെ പ്രതികരണം.
ഇന്ത്യയിലും കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കണമെന്നും, ഫോൺ സ്ക്രീനുകളിൽ നിന്ന് മാറി കുട്ടികൾ പുസ്തകങ്ങൾ വായിക്കാനും മണ്ണിലിറങ്ങി കളിക്കാനും തയ്യാറാകണം എന്നുമായിരുന്നു ശ്രീധർ വെമ്പു അഭിപ്രായപ്പെട്ടത്. ഈ വിഷയത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയൊരു ചർച്ച തന്നെ ഇപ്പോൾ പുരോഗമിക്കുന്നുണ്ട്. പൗരന്മാരുടെ വ്യക്തിജീവിതത്തിൽ സർക്കാർ ഇടപെടേണ്ടതില്ല എന്ന് ഒരുവിഭാഗം വാദിക്കുമ്പോൾ, കുട്ടികളുടെ ഭാവിക്കായി ഇത്തരം നിയമങ്ങൾ അനിവാര്യമാണെന്ന് മറുവിഭാഗം പറയുന്നു.