ഹൈദരാബാദ്: ആറു മാസം പ്രായമായ പെൺകുഞ്ഞുമായി അപ്പാർട്ട്മെന്റിന്റെ ആറാമത്തെ നിലയിൽനിന്ന് താഴെക്കുചാടിയ ഐടി ഉദ്യോഗസ്ഥ മരിച്ചു. കുഞ്ഞ് അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തു.
ഹൈദരാബാദിൽ മിയാപുരിയിലെ അപ്പാർട്ട്മെന്റിൽനിന്ന് വെള്ളിയാഴ്ച വൈകുന്നേരമാണ് ഇഷ സാഹു എന്ന 37 കാരി കൈക്കുഞ്ഞുമായി ജീവനൊടുക്കാൻ ശ്രമിച്ചത്.
വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ഇഷ സംഭവസ്ഥലത്തു തന്നെ മരിച്ചു. കുഞ്ഞിനാകട്ടേ കെട്ടിടത്തിന്റെ സുരക്ഷാ വേലിയില്‍ തട്ടിയശേഷം നിലത്തുവീണതിനാൽ വലിയ പരിക്കുകൾ ഏറ്റിരുന്നില്ല. നിലത്ത് വീണ ഉടൻ നാട്ടുകാര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചു. ഉടൻ വിദഗ്ധചികിത്സ ലഭിച്ചതോടെ കുഞ്ഞ് അപകടനില തരണം ചെയ്തു.
മധ്യപ്രദേശ് സ്വദേശിയായ ഇഷ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമാണ് താമസിച്ചിരുന്നത്. പ്രസവാനന്തരം ഉണ്ടാകുന്ന വിഷാദരോഗം ഇവരെ ബാധിച്ചിരുന്നുവെന്ന് പറയപ്പെടുന്നു.