മസാച്യുസെറ്റ്സ്: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആവേശപ്പോരാട്ടത്തിൽ സ്കോട്ട്ലൻഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മൊറോക്കോ. മത്സരത്തിന്റെ 70-ാം സെക്കൻഡിൽ ഇസ്മായിൽ സയ്ബാരി നേടിയ മിന്നൽ ഗോളാണ് മൊറോക്കോയ്ക്ക് വിജയം സമ്മാനിച്ചത്. കടുത്ത ചൂടിൽ നടന്ന മത്സരത്തിൽ തുടക്കം മുതൽ ഒടുക്കം വരെ മൊറോക്കൻ ടീമിന്റെ വ്യക്തമായ മേധാവിത്വമാണ് കാണാൻ കഴിഞ്ഞത്.
ബ്രാഹിം ഡയസ് നൽകിയ മനോഹരമായ പാസ് സ്വീകരിച്ച് സ്കോട്ടിഷ് പ്രതിരോധ താരം ഗ്രാന്റ് ഹാൻലിയെ മറികടന്ന് സയ്ബാരി പന്ത് വലയിലെത്തിക്കുകയായിരുന്നു. ഓഫ്സൈഡിനായി സ്കോട്ട്ലൻഡ് താരങ്ങൾ വാദിച്ചെങ്കിലും റഫറി ഗോൾ അനുവദിച്ചു. ഗോൾകീപ്പർ അംഗസ് ഗണ്ണിന് ഒരവസരവും നൽകാതെയായിരുന്നു സയ്ബാരിയുടെ ഫിനിഷിംഗ്.
യൂറോ 2024-ൽ ജർമനിക്കെതിരെ നേരിട്ട കടുത്ത പരാജയത്തിന്റെ നിഴലിലായിരുന്നു ആദ്യ പകുതിയിൽ സ്കോട്ട്ലൻഡ്. പൂർണമായും പ്രതിരോധത്തിലായ സ്കോട്ടിഷ് പടയ്ക്ക് കളിയിലേക്ക് തിരിച്ചുവരാൻ ആവശ്യത്തിന് അവസരങ്ങൾ ലഭിച്ചതുമില്ല. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ജോൺ മക്ഗിന്നിന് ഒരു സുവർണാവസരം ലഭിച്ചെങ്കിലും അത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല.