ടെൽ അവീവ്: ഹെബ്രോണിലുണ്ടായ വെടിവയ്പിൽ രണ്ട് ഇസ്രേലി സൈനികർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിനു പിന്നാലെ ഇസ്രയേൽ സൈന്യം അധിനിവേശ വെസ്റ്റ് ബാങ്കിൽ വൻ സൈനിക നടപടി ആരംഭിച്ചു. ഇതോടെ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് പലസ്തീനികൾ പലായനം ചെയ്തു.
അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രേലി കുടിയേറ്റ കേന്ദ്രങ്ങളിൽ ജോലി ചെയ്യാൻ പെർമിറ്റുള്ള പലസ്തീൻ തൊഴിലാളികൾക്ക് ഞായറാഴ്ചയും തിങ്കളാഴ്ചയും പ്രവേശനമുണ്ടായിരിക്കില്ലെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. നാളെ നടക്കാനിരിക്കുന്ന ഇസ്രയേൽ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ അതിർത്തി അടച്ചിടും. 40 പലസ്തീനികളെ അറസ്റ്റ് ചെയ്തതായും സൈന്യം അറിയിച്ചു.