ടെൽ അവീവ്: സൊമാലിയയിലെ വിഘടിത പ്രദേശമായ സൊമാലിലാൻഡിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്ന ആദ്യരാജ്യമായി ഇസ്രയേൽ. സൊമാലിലാൻഡുമായി കാർഷിക, ആരോഗ്യ, സാങ്കേതിക മേഖലകളിൽ സഹകരണം വർധിപ്പിക്കുമെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ഇരു രാജ്യങ്ങളിലും എംബസികൾ തുറക്കാനും അംബാസഡർമാരെ നിയമിക്കാനും തീരുമാനമായെന്ന് ഇസ്രേലി വിദേശകാര്യമന്ത്രി ഗിദയോൻ സാർ അറിയിച്ചു. ഇസ്രയേലിന്റെ തീരുമാനം ചരിത്രപരമാണെന്ന് സൊമാലിലാൻഡ് പ്രസിഡന്റ് അബ്ദിറഹ്മാൻ മുഹമ്മദ് അബ്ദുള്ളാഹി പ്രതികരിച്ചു. മുസ്ലിം രാജ്യങ്ങൾ ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ച ഏബ്രഹാം ഉടന്പടിയിൽ സൊമാലിലാൻഡ് പങ്കാളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രേലി നടപടി സൊമാലിയയുടെ പരമാധികാരത്തിനു നേർക്കുള്ള ആക്രമണമാണെന്ന് സൊമാലിയൻ പ്രധാനമന്ത്രി ഹംസ അബ്ദി ബാരെ ആരോപിച്ചു. തുർക്കി, ഈജിപ്ത്, ജിബൂട്ടി രാജ്യങ്ങളും ഇസ്രേലി നടപടിയെ അപലപിച്ചു.
ഏദൻ ഉൾക്കടലിനോടു ചേർന്ന് തന്ത്ര പരമായി വളരെ പ്രാധാന്യമുള്ള സൊമാലിലാൻഡിന് സ്വന്തം ഭരണകൂടം, കറൻസി, പാസ്പോർട്ട്, പോലീസ് സേന എന്നിവയുണ്ട്. സൊമാലിയയിലെ സിയാദ് ബാരെ ഭരണകൂടം 1991ൽ നിപതിച്ചപ്പോഴാണ് സ്വയംപ്രഖ്യാപിത രാഷ്ട്രമായി മാറിയത്.
എന്നാൽ, അന്താരാഷ്ട്രതലത്തിൽ ആരും അംഗീകരിച്ചിട്ടില്ല. ഇസ്രേലി നടപടിയോടെ കൂടുതൽ രാജ്യങ്ങൾ സൊമാലിലാൻഡിനെ അംഗീകരിക്കാൻ തയാറായേക്കും.