ന്യൂഡൽഹി: ഡൽഹി എകെജി ഭവനിൽ പോലീസ് എത്തിയത് സ്വാഭാവികമായ ക്രമസമാധാന നടപടി മാത്രമെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. പ്രതിപക്ഷം വിഷയത്തെ രാഷ്ട്രീയവത്കരിക്കാനും അനാവശ്യമായി വിവാദമാക്കാനുമാണ് ശ്രമിക്കുന്നതെന്നും നദ്ദ ആരോപിച്ചു. എസ്എഫ്ഐ ഡൽഹി സംസ്ഥാന സെക്രട്ടറിയും മുൻ ജെഎൻയു യൂണിയൻ പ്രസിഡന്റുമായ ഐഷി ഘോഷിനെ പഴയൊരു കേസിൽ കസ്റ്റഡിയിലെടുക്കാൻ ഡൽഹി പോലീസ് എത്തിയ വിഷയം ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. വിദ്യാർഥി രാഷ്ട്രീയത്തിൽ ഇതെല്ലാം സ്വാഭാവികമാണെന്ന് വ്യക്തമാക്കിയ നദ്ദ, കോൺഗ്രസ് ഭരണകാലത്തെ അടിയന്തരാവസ്ഥയിൽ താനും ക്ലാസ് മുറികളിൽ നിന്ന് പലതവണ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.