Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : JEEVITHA VIJAYAM

Jeevitha Vijayam

ഹൃ​ദ​യ​ത്തി​ലെ ച​ങ്ങ​ല​ക​ൾ...

റ​ഷ്യ​ൻ സാ​ഹി​ത്യ​ത്തി​ലെ മ​ഹാ​നാ​യ ഒ​രു എ​ഴു​ത്തു​കാ​ര​നാ​ണ് ഐ​വാ​ൻ തു​ർ​ഗെ​നേ​വ് (1818-1883). മ​നു​ഷ്യ​ന്‍റെ ആ​ത്മ​സം​ഘ​ർ​ഷ​ങ്ങ​ളും നി​ശ​ബ്ദ​വേ​ദ​ന​ക​ളും അ​തീ​വ സൗ​മ്യ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം എ​ന്നും ഉ​ത്സു​ക​നാ​യി​രു​ന്നു. മ​നു​ഷ്യ​ഹൃ​ദ​യ​ത്തി​ന്‍റെ അ​ഗാ​ധ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ ദ​ർ​ശ​നം ഇ​ന്നും വാ​യ​ന​ക്കാ​രെ ഇ​രു​ത്തി ചി​ന്തി​പ്പി​ക്കു​ന്നു. അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പ​ല ക​ഥ​ക​ളും അ​നു​ദി​ന​ജീ​വി​ത​ത്തി​ൽ ന​മു​ക്കു​ണ്ടാ​യി​രി​ക്കേ​ണ്ട വി​വി​ധ മൂ​ല്യ​ങ്ങ​ളെ ഓ​ർ​മി​പ്പി​ക്കു​ന്ന​വ​യാ​ണ്. അ​ങ്ങ​നെ​യു​ള്ള ഒ​രു ക​ഥ ഇ​വി​ടെ വി​വ​രി​ക്ക​ട്ടെ.

വ​യ​സാ​യ ഒ​രാ​ൾ അ​നേ​ക വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം സ്വ​ന്തം ഗ്രാ​മ​ത്തി​ലേ​ക്കു മ​ട​ങ്ങി​വ​രി​ക​യാ​ണ്. അ​പ്പോ​ൾ അ​വി​ടെ എ​ല്ലാ​ത്തി​നും​ത​ന്നെ മാ​റ്റം സം​ഭ​വി​ച്ചി​രു​ന്നു. വ​ഴി​ക​ളും വീ​ടു​ക​ളും ആ​ളു​ക​ളു​മെ​ല്ലാം പു​തി​യ​താ​യി തോ​ന്നി. എ​ന്നാ​ൽ ആ ​വൃ​ദ്ധ​ന്‍റെ മ​ന​സി​ൽ മാ​യാ​തെ​കി​ട​ന്നി​രു​ന്ന ഒ​രോ​ർ​മ​യു​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഹൃ​ദ​യ​ത്തി​ൽ ഉ​ണ​ങ്ങാ​തെ കി​ട​ന്ന വി​രോ​ധ​ത്തി​ന്‍റെ വ​ലി​യൊ​രു മു​റി​വ്.

യൗ​വ​ന​ത്തി​ൽ ആ ​ഗ്രാ​മ​ത്തി​ലെ ഒ​രാ​ളു​മാ​യു​ണ്ടാ​യ ഒ​രു വ​ലി​യ പി​ണ​ക്കം ആ ​വൃ​ദ്ധ​ന്‍റെ മ​ന​സി​ൽ ആ​ഴ​മേ​റി​യ ഒ​രു പി​ള​ർ​പ്പാ​യി മാ​റി​യി​രു​ന്നു. അ​തു ക്ഷ​മി​ക്കാ​നും മ​റ​ക്കാ​നും സാ​ധി​ക്കാ​തി​രു​ന്ന​തു​കൊ​ണ്ടാ​ണ് അ​യാ​ൾ ഗ്രാ​മം​വി​ട്ടു പോ​യ​ത്. ജീ​വി​തം മു​ന്നോ​ട്ടുപോ​യെ​ങ്കി​ലും ആ ​സം​ഭ​വ​ത്തെ അ​യാ​ൾ ത​ന്‍റെ ഹൃ​ദ​യ​ത്തി​ന്‍റെ ഇ​രു​ണ്ട കോ​ണി​ൽ സൂ​ക്ഷി​ച്ചു. ഈ ​പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന ചി​ന്താ​ഗ​തി​യോ​ടെ​യാ​ണ് അ​യാ​ൾ ഗ്രാ​മ​ത്തി​ലേ​ക്കു മ​ട​ങ്ങി​യ​ത്.

പ​ക്ഷേ ഗ്രാ​മ​ത്തി​ലെ​ത്തി ത​ന്‍റെ പ്ര​തി​യോ​ഗി​യെ​ക്കു​റി​ച്ച് തി​ര​ക്കി​യ​പ്പോ​ൾ ഗ്രാ​മ​വാ​സി​ക​ൾ അ​യാ​ളെ ആ​ശ്ച​ര്യ​ത്തോ​ടെ നോ​ക്കി. ചി​ല​ർ​ക്ക് അ​യാ​ൾ ചോ​ദി​ച്ച​യാ​ളെ​ക്കു​റി​ച്ച് ഒ​രു വി​വ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​റ്റു​ചി​ല​ർ ആ ​മ​നു​ഷ്യ​ൻ പ​ണ്ടേ മ​രി​ച്ചു​പോ​യി എ​ന്നു പ​റ​ഞ്ഞു. ഒ​രു​കാ​ല​ത്ത് ആ ​ഗ്രാ​മ​ത്തി​ലെ സ​ക​ല​ർ​ക്കും അ​റി​യാ​മാ​യി​രു​ന്ന ആ ​ര​ണ്ടു​പേ​രു​ടെ പ​ര​സ്പ​ര ശ​ത്രു​ത​യെ​ക്കു​റി​ച്ച് ലോ​കം പ​ണ്ടേ മ​റ​ന്നു​പോ​യി​രു​ന്നു. അ​ത് ഓ​ർ​മി​ച്ചി​രു​ന്ന​താ​ക​ട്ടെ ആ ​വൃ​ദ്ധ​ൻ മാ​ത്രം.

ആ ​രാ​ത്രി​യി​ൽ വൃ​ദ്ധ​ൻ ഒ​റ്റ​യ്ക്കി​രു​ന്ന് ഓ​രോ​ന്നി​നെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​ൻ​തു​ട​ങ്ങി. അ​പ്പോ​ൾ അ​യാ​ൾ തി​രി​ച്ച​റി​ഞ്ഞ സ​ത്യം അ​യാ​ളെ ഞെ​ട്ടി​ക്കു​ക​ത​ന്നെ​ചെ​യ്തു. താ​ൻ ആ​രോ​ടു ശ​ത്രു​ത​പു​ല​ർ​ത്തി​യി​രു​ന്നു​വോ അ​യാ​ൾ പ​ണ്ടേ​ത​ന്നെ സ്വ​ത​ന്ത്ര​നാ​യി​പ്പോ​യി. താ​നാ​ക​ട്ടെ, ഇ​പ്പോ​ഴും ച​ങ്ങ​ല​ക​ളാ​ൽ ബ​ന്ധി​ക്ക​പ്പെ​ട്ടു​കി​ട​ക്കു​ന്നു. ആ ​ച​ങ്ങ​ല​ക​ൾ കൈ​ക​ളി​ല്ല​ല്ല, ഹൃ​ദ​യ​ത്തി​ലാ​ണെ​ന്നു​മാ​ത്രം!

ഈ ​ക​ഥ മ​നു​ഷ്യ​ജീ​വി​ത​ത്തി​ലെ ഒ​രു ഗ​ഹ​ന​സ​ത്യ​ത്തെ തു​റ​ന്നു​കാ​ണി​ക്കു​ന്നു. മ​റ്റൊ​രാ​ളോ​ടു ക്ഷ​മി​ക്കാ​തി​രി​ക്കു​ന്പോ​ൾ അ​യാ​ളെ ശി​ക്ഷി​ക്കു​ക​യാ​ണെ​ന്നു നാം ​ക​രു​തു​ന്നു. എ​ന്നാ​ൽ യ​ഥാ​ർ​ഥ​ത്തി​ൽ ശി​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത് ന​മ്മു​ടെ ശ​ത്രു​വ​ല്ല, നാം​ത​ന്നെ​യാ​ണ്. കാ​ര​ണം ശ​ത്രു​ത​യു​ടെ ഭാ​രം പേ​റു​ന്ന​തു നാം​ത​ന്നെ​യാ​ണ്, ശ​ത്രു​വ​ല്ല. കാ​ലം മു​ന്നോ​ട്ടു​പോ​കു​ന്പോ​ൾ ലോ​കം എ​ല്ലാം മ​റ​ക്കും. എ​ന്നാ​ൽ ക്ഷ​മി​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ന്ന ന​മ്മു​ടെ മ​ന​സ് എ​പ്പോ​ഴും ആ ​ശ​ത്രു​ത താ​ലോ​ലി​ച്ചു​കൊ​ണ്ടി​രി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ന​മ്മു​ടെ മ​ന​സി​നൊ​രി​ക്ക​ലും ശാ​ന്തി​യു​ണ്ടാ​വി​ല്ല.

മ​ന​സി​നു ശാ​ന്തി വേ​ണ​മെ​ങ്കി​ൽ ശ​ത്രു​ക്ക​ളോ​ടു ക്ഷ​മി​ക്കു​ക​യ​ല്ലാ​തെ മ​റ്റൊ​രു മാ​ർ​ഗ​മി​ല്ല. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""മ​റ്റു​ള്ള​വ​രു​ടെ തെ​റ്റു​ക​ൾ നി​ങ്ങ​ൾ ക്ഷ​മി​ക്കു​മെ​ങ്കി​ൽ, സ്വ​ർ​ഗ​സ്ഥ​നാ​യ നി​ങ്ങ​ളു​ടെ പി​താ​വ് നി​ങ്ങ​ളോ​ടും ക്ഷ​മി​ക്കും. മ​റ്റു​ള്ള​വ​രോ​ട് നി​ങ്ങ​ൾ ക്ഷ​മി​ക്കു​ക​യി​ല്ലെ​ങ്കി​ൽ നി​ങ്ങ​ളു​ടെ പി​താ​വ് നി​ങ്ങ​ളു​ടെ തെ​റ്റു​ക​ളും ക്ഷ​മി​ക്കു​ക​യി​ല്ല'' (മ​ത്താ 6:14-15). ദൈ​വം ന​മ്മോ​ടു ക്ഷ​മി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ ന​മു​ക്കു ശാ​ന്തി ല​ഭി​ക്കു​ക​യു​ള്ളൂ. എ​ന്നാ​ൽ ദൈ​വം ന​മ്മോ​ടു ക്ഷ​മി​ക്ക​ണ​മെ​ങ്കി​ൽ നാം ​മ​റ്റു​ള്ള​വ​രോ​ടു ക്ഷ​മി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. അ​ങ്ങ​നെ ചെ​യ്യാ​തെ ന​മു​ക്കൊ​രി​ക്ക​ലും സ​മാ​ധാ​ന​ത്തോ​ടെ മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു വ്യ​ക്തം.

ഒ​രു ജാ​പ്പ​നീ​സ് ക​ഥ. ധാ​രാ​ളം ശി​ഷ്യ​രു​ണ്ടാ​യി​രു​ന്ന ഒ​രു ഗു​രു​വി​നു വി​ല​യേ​റി​യ ചി​ല ചാ​യ​ക്ക​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. പ്ര​മു​ഖ​രാ​യ​വ​ർ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്പോ​ൾ ആ ​ക​പ്പു​ക​ളി​ലാ​ണ് ചാ​യ ന​ൽ​കി​യി​രു​ന്ന​ത്. ഒ​രി​ക്ക​ൽ ഒ​രു ശി​ഷ്യ​ൻ അ​ബ​ദ്ധ​വ​ശാ​ൽ ആ ​ക​പ്പു​ക​ളി​ലൊ​ന്ന് താ​ഴെ​യി​ട്ടു പൊ​ട്ടി​ക്കാ​നി​ട​യാ​യി. ശി​ഷ്യ​ൻ ഭ​യം​കൊ​ണ്ടു വി​റ​ച്ചു. എ​ന്നാ​ൽ ഗു​രു​വാ​ക​ട്ടെ, ആ ​ക​പ്പി​ന്‍റെ ക​ഷ​ണ​ങ്ങ​ൾ ശാ​ന്ത​മാ​യി ശേ​ഖ​രി​ച്ച​ശേ​ഷം സ്വ​ർ​ണം ഉ​പ​യോ​ഗി​ച്ച് കൂ​ട്ടി​യോ​ജി​പ്പി​ച്ചു. അ​പ്പോ​ൾ ആ ​ക​പ്പ് കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യി കാ​ണ​പ്പെ​ട്ടു.

ന​മ്മു​ടെ ജീ​വി​ത​ബ​ന്ധ​ങ്ങ​ൾ വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ പൊ​ട്ടി​പ്പോ​കാം. എ​ന്നാൽ ദൈ​വ​കൃ​പ ഉ​പ​യോ​ഗി​ച്ച് ആ ​ബ​ന്ധ​ങ്ങ​ൾ പൂ​ർ​വാ​ധി​കം മ​നോ​ഹ​ര​മാ​ക്കാ​ൻ ന​മു​ക്കു സാ​ധി​ക്കും. ചാ​യ​ക്ക​പ്പ് പൊ​ട്ടി​പ്പോ​യ​പ്പോ​ൾ അ​തി​ന്‍റെ വി​വി​ധ ക​ഷ​ണ​ങ്ങ​ൾ കൂ​ട്ടി​യോ​ജി​പ്പി​ച്ച​ത് സ്വ​ർ​ണം വി​ള​ക്കി​യാ​യി​രു​ന്നു. അ​പ്പോ​ഴ​ത് പൂ​ർ​വ​സ്ഥി​തി​യി​ലാ​യി എ​ന്നു മാ​ത്ര​മ​ല്ല, അ​തു കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​യി​ത്തീ​രു​ക​യും ചെ​യ്തു.

ഇ​തു​പോ​ലെ​ത​ന്നെ ജീ​വി​ത​ബ​ന്ധ​ങ്ങ​ൾ ത​ക​രു​ന്പോ​ൾ ദൈ​വ​കൃ​പ​യി​ലാ​ശ്ര​യി​ച്ച് ആ ​ബ​ന്ധ​ങ്ങ​ൾ നാം ​പു​നഃ​സ്ഥാ​പി​ക്ക​ണം. അ​തു പൂ​ർ​വാ​ധി​കം മെ​ച്ച​മാ​ക്കു​ക​യും വേ​ണം. ദൈ​വ​വ​ച​നം പ​റ​യു​ന്നു: ""ഹൃ​ദ​യം നു​റു​ങ്ങി​യ​വ​ർ​ക്ക് ക​ർ​ത്താ​വ് സ​മീ​പ​സ്ഥ​നാ​ണ്'' (സ​ങ്കീ 34:18). ദൈ​വം ന​മു​ക്ക് സ​മീ​പ​സ്ഥ​നാ​യി​രി​ക്കു​ന്ന​തു​കൊ​ണ്ട് ഏ​തു​നി​മി​ഷ​വും അ​വി​ട​ത്തെ കൃ​പ​യ്ക്കാ​യി ന​മു​ക്ക് അ​വി​ട​ത്തെ സ​മീ​പി​ക്കാ​നാ​വും. അ​പ്പോ​ൾ തീ​ർ​ച്ച​യാ​യും അ​വി​ട​ന്ന് ന​മ്മെ അ​നു​ഗ്ര​ഹി​ക്കു​മെ​ന്ന​തി​ൽ സം​ശ​യം​വേ​ണ്ട.

ദൈ​വ​ത്തി​ന്‍റെ കൃ​പ ന​മു​ക്കു ല​ഭി​ച്ചാ​ൽ ഏ​തു തെ​റ്റും ആ​രോ​ടും ന​മു​ക്കു ക്ഷ​മി​ക്കാ​ൻ സാ​ധി​ക്കും. അ​തു​പോ​ലെ ത​ക​ർ​ന്നു​പോ​യ ബ​ന്ധ​ങ്ങ​ൾ പൂ​ർ​വാ​ധി​കം മെ​ച്ച​പ്പെ​ടു​ത്തു​വാ​നും സാ​ധി​ക്കും. എ​ന്നാ​ൽ ദൈ​വ​കൃ​പ​യി​ലാ​ശ്ര​യി​ക്കാ​ൻ നാം ​വി​സ​മ്മ​തി​ച്ചാ​ൽ ഹൃ​ദ​യ​ത്തി​ലെ ച​ങ്ങ​ല​ക​ൾ ന​മ്മെ ബ​ന്ധി​ച്ചു​നി​ർ​ത്തു​ക​ത​ന്നെ​ചെ​യ്യും.

ന​മു​ക്കു​വേ​ണ്ട​ത് ഹൃ​ദ​യ​സ്വാ​ത​ന്ത്ര്യ​മാ​ണ്. മ​ന​സ​മാ​ധാ​ന​മാ​ണ്. സ​ന്തോ​ഷ​പ്ര​ദ​മാ​യ ഒ​രു ജീ​വി​ത​മാ​ണ്. അ​തി​നാ​ക​ട്ടെ, ന​മ്മു​ടെ ഹൃ​ദ​യ​ച​ങ്ങ​ല​ക​ൾ ത​ക​രു​ക​ത​ന്നെ വേ​ണം. അ​തി​നു​ള്ള ദൈ​വ​കൃ​പ​യ്ക്കാ​യി ന​മു​ക്കു പ്രാ​ർ​ഥി​ക്കാം. പ്ര​ത്യേ​കി​ച്ചും ഈ ​നോ​ന്പു​കാ​ല​ത്ത്.

Latest News

Corehub Up