പാറ്റ്ന: കോക്രോച്ച് ജനതാ പാര്‍ട്ടിയും വിദ്യാര്‍ഥി ഐക്യവും രാജ്യത്തെ രാഷ്ട്രീയസമവാക്യങ്ങളില്‍ മാറ്റത്തിനു വഴിതെളിച്ചേക്കാമെന്ന നിഗമനങ്ങള്‍ക്കിടെ ഈ മാസം 30ന് നടക്കുന്ന ബിഹാറിലെ ബങ്കിപ്പൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് ശ്രദ്ധാകേന്ദ്രമാകുന്നു.
കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണത്തിലുള്ള ബിജെപിക്ക് ഇതൊരു അഭിമാന പോരാട്ടമാണെങ്കില്‍ ജന്‍സുരാജ് പാര്‍ട്ടി (ജെഎസ്പി) സ്ഥാപകന്‍ പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയസ്വാധീനത്തിന്റെ പരീക്ഷണവുമാണ്. ഇതിനെല്ലാമുപരി ബിഹാറിലെ ‘ജെന്‍ സി’ വോട്ടര്‍മാരുടെ നിലപാടാണ് ഈ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുന്നത്.
ദീര്‍ഘകാലമായി ബിജെപിയുടെ ഉറച്ച കോട്ടയാണ് ബങ്കിപ്പുര്‍. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന് രാജ്യസഭയിലേക്ക് മാറുന്നതിനായി രാജിവച്ചതിനെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. പ്രശാന്ത് കിഷോര്‍ നേരിട്ട് മത്സരരംഗത്തേക്ക് ഇറങ്ങിയതോടെ പോരാട്ടം കൂടുതല്‍ ശക്തമായിട്ടുണ്ട്.
യുവ വോട്ടര്‍മാരുടെ വലിയ സാന്നിധ്യമാണ് പ്രധാന സവിശേഷത. പാറ്റ്ന യൂണിവേഴ്സിറ്റി, എന്‍ഐടി പാറ്റ്ന, ബിഎന്‍ കോളജ്, സയന്‍സ് കോളജ്, എഎന്‍ കോളജ്, ചാണക്യ നാഷണല്‍ ലോ യൂണിവേഴ്സിറ്റി തുടങ്ങിയ പ്രമുഖ വിദ്യാഭ്യാസസ്ഥാപനങ്ങളും നിരവധി കോച്ചിംഗ് സെന്ററുകളും ഹോസ്റ്റലുകളും ബങ്കിപ്പുരിലുണ്ട്.
മണ്ഡലത്തിലെ ആകെ 3.79 ലക്ഷം വോട്ടര്‍മാരില്‍ ഏകദേശം 1.2 മുതല്‍ 1.35 ലക്ഷം വരെ ആളുകള്‍ (ഏകദേശം മൂന്നിലൊന്ന്) 18-29 പ്രായക്കാരാണ്.
ഡൽഹി പ്രക്ഷോഭത്തിലെ പോലീസ് നടപടി സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായതോടെ ഇവ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കേന്ദ്രബിന്ദുവായി മാറി. ഇത് വോട്ടാക്കി മാറ്റാന്‍ പ്രശാന്ത് കിഷോര്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രക്ഷോഭങ്ങള്‍ എല്ലായ്പ്പോഴും വോട്ടുകളായി മാറാറില്ലെന്നാണ് ബിഹാറിന്റെ ചരിത്രം.
വികസനനേട്ടങ്ങള്‍, ശക്തമായ സംഘടനാ സംവിധാനം, പരമ്പരാഗത വോട്ട് ബാങ്ക് എന്നിവ മുന്‍നിര്‍ത്തിയാണ് ബിജെപി പ്രചാരണം. വ്യാപാരികള്‍, ഇടത്തരക്കാര്‍, ബിജെപിയുടെ സ്ഥിരം അനുഭാവികള്‍ എന്നിവര്‍ക്ക് വലിയ സാന്നിധ്യമുള്ള മണ്ഡലമാണിത്.