കൊച്ചി: തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടനികുതി പിരിവിൽ സംസ്ഥാനത്ത് ഏറ്റവുമധികം നേട്ടം കൊച്ചി കോർപറേഷന്. 2025-26 സാമ്പത്തികവർഷം ഏറ്റവും കൂടുതൽ നികുതി പിരിച്ചെടുത്ത കൊച്ചി കോർപറേഷന് ഈയിനത്തിൽ വരുമാനം 169.94 കോടി രൂപ. ഗാർഹികാവശ്യത്തിനുള്ള കെട്ടിടങ്ങൾ, വാണിജ്യ ആവശ്യങ്ങൾ, വ്യവസായങ്ങൾ, വിദ്യാലയങ്ങൾ, ആശുപത്രികൾ, അമ്യൂസ്മെന്റ് പാർക്കുകൾ, ടവറുകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് നികുതി ഈടാക്കുന്നത്.
വാണിജ്യനഗരമായ കൊച്ചിയിൽ കൂറ്റൻ കെട്ടിടങ്ങളും വൻകിട സ്ഥാപനങ്ങളും ആഡംബര വസതികളും സർക്കാരിന്റെ നികുതിവരുമാനം കൂട്ടിയതായി തദ്ദേശ വകുപ്പിന്റെ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. 1,69,94,14,899 രൂപയാണു കഴിഞ്ഞ സാന്പത്തികവർഷം കൊച്ചി കോർപറേഷനിലൂടെ ഖജനാവിലേക്കു ലഭിച്ചത്. 145.78 കോടി രൂപ പിരിച്ചെടുത്ത തിരുവനന്തപുരം കോർപറേഷനാണു നികുതിപിരിവിൽ രണ്ടാം സ്ഥാനത്ത്. കോഴിക്കോട്- 95.39 കോടി, തൃശൂർ- 66.64 കോടി, കൊല്ലം- 39.34 കോടി, കണ്ണൂർ- 39.25 കോടി എന്നിവയാണ് മറ്റു കോർപറേഷനുകളുടെ കെട്ടിടനികുതി വരുമാനം.
മുനിസിപ്പാലിറ്റികളിൽ ആലുവയാണ് നികുതിപിരിവിൽ കഴിഞ്ഞ സാന്പത്തികവർഷം മുന്നിലെത്തിയത്. 9.77 കോടിയാണ് ഇവിടെ പിരിച്ചെടുത്തത്. കാസർഗോഡ് (9.68 കോടി), കൊടുങ്ങല്ലൂർ (9.53 കോടി), ഷൊർണൂർ (4.17 കോടി), ചെങ്ങന്നൂർ (3.82 കോടി) നഗരസഭകളും നികുതിപിരിവിൽ മുന്നേറ്റമുണ്ടാക്കി.
പഞ്ചായത്തുകളിൽ അവണൂർ
ഗ്രാമപഞ്ചായത്തുകളുടെ നികുതിപിരിവിൽ തൃശൂർ ജില്ലയിലെ അവണൂരാണ് (1.73 കോടി) മുന്നിലെത്തിയത്. ആലപ്പുഴ ജില്ലയിലെ തലവടി 55.11 ലക്ഷം പിരിച്ചെടുത്തു. ജില്ലയിലെ പുറക്കാട് (48.29 ലക്ഷം), കാവാലം (28.58 ലക്ഷം), ആറാട്ടുപുഴ (28.15 ലക്ഷം) ഗ്രാമപഞ്ചായത്തുകളാണ് തൊട്ടുപിന്നിൽ.