ഷിംല: 'ഓപ്പറേഷൻ സിന്ദൂറിനിടെ' പാകിസ്ഥാനെ നേരിടാൻ ഇന്ത്യയ്ക്ക് പ്രയാസകരമായ സാഹചര്യമുണ്ടായെന്നും റഫാൽ യുദ്ധവിമാന ഇടപാടിൽ വൻ അഴിമതി നടന്നെന്നും ഹിമാചൽ പ്രദേശ് റവന്യൂ മന്ത്രി ജഗത് സിംഗ് നേഗി നിയമസഭയിൽ നടത്തിയ പ്രസ്താവന വലിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി.
നിയമസഭാ സമ്മേളനത്തിൽ അഴിമതി സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. ഒരു വിമാനത്തിന് 700 കോടി രൂപയ്ക്ക് പകരം 2,300 കോടി രൂപയാണ് ഇന്ത്യ നൽകിയതെന്നും, റഫാൽ യുദ്ധവിമാനങ്ങൾ "പ്രയോജനരഹിതമായി" മാറിയത് ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയ്ക്ക് തിരിച്ചടിയായെന്നും നേഗി ആരോപിച്ചു.
എന്നാൽ, താൻ സൈന്യത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും വ്യക്തമാക്കിയ മന്ത്രി മാപ്പ് പറയാൻ വിസമ്മതിച്ചു. മന്ത്രിയുടെ പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ ജയ്റാം ഠാക്കൂർ ആവശ്യപ്പെട്ടു.
സഭാ രേഖകളിൽ നിന്ന് ഈ പരാമർശങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. സായുധ സേനയെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണിതെന്ന് ആരോപിച്ച് ബിജെപി എംഎൽഎമാർ സഭയ്ക്ക് പുറത്തും പ്രതിഷേധിച്ചു.
ഹിമാചൽ പ്രദേശിലെ ഓരോ മൂന്നാമത്തെ കുടുംബത്തിലും സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്നവരുണ്ടെന്നും, ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ച് ഇത്തരം പരാമർശങ്ങൾ നടത്തുന്നത് അപലപനീയമാണെന്നും മുൻ മന്ത്രി സുധീർ ശർമ വിമർശിച്ചു.
അതേസമയം, നേഗി സൈന്യത്തിനെതിരെ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു മന്ത്രിയെ പ്രതിരോധിച്ചുകൊണ്ട് വ്യക്തമാക്കി. എന്നാൽ "യാഥാർത്ഥ്യം എല്ലാവർക്കും അറിയാം" എന്ന് പ്രതികരിച്ച പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിംഗ് വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ തയ്യാറായില്ല.