മുംബൈ: മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരേ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ (സിജെപി) പ്രക്ഷോഭവും ചൂടുപിടിക്കുന്നു. ഗാന്ധിജയന്തി ദിനമായ ഇന്നലെ മുംബൈയിൽ തുടങ്ങിയ പ്രക്ഷോഭത്തിൽ പതിനായിരങ്ങളാണ് അണിനിരന്നത്.
വോട്ടർപട്ടികയിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിലുമുണ്ടായ പാളിച്ചകളുടെ പേരിൽ മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാണ് പ്രക്ഷോഭകരുടെ ആവശ്യം.
മുംബൈ ശിവാജി പാർക്കിൽ "ജയിൽ ഭരോ ആന്ദോളൻ'
(ജയിൽ നിറയ്ക്കൽ) പ്രഖ്യാപിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ സമരത്തിനു നേതൃത്വം നൽകി.
ഇന്നലെ വൈകുന്നേരം നാലോടെ പാർക്കിന്റെ ആറാം നമ്പര്‍ കവാടത്തിനു സമീപമാണ് പ്രക്ഷോഭകർ ഒത്തുചേർന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് ആയിരക്കണക്കിനു പേർ രാവിലെമുതൽ പ്രക്ഷോഭവേദിയിലേക്ക് എത്തിയിരുന്നു.
ശിവാജി പാര്‍ക്കില്‍ പ്രക്ഷോഭത്തിന് പൊലിസ് അനുമതി നിഷേധിച്ചതോടെ ലോറിയില്‍ താത്കാലിക വേദി നിര്‍മിച്ചാണു നേതാക്കൾ അണികളെ അഭിസംബോധന ചെയ്തത്. ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നാണ് സിജെപിയുടെ പ്രഖ്യാപനം.
പ്രമുഖ നടൻ നസറുദ്ദീൻ ഷാ, പ്രകാശ് രാജ്, നടി ഷബാന ആസ്മി, സംഗീത സംവിധായകൻ വിശാൽ ദാദ്ലാനി ഉൾപ്പടെയുള്ള പ്രമുഖർ സമരവേദിയിൽ എത്തിയിരുന്നു.മഹാത്മാഗാന്ധിയുടെ കൊച്ചുമകൻ തുഷാർ ഗാന്ധിയും നേരിട്ടെത്തി പ്രതിഷേധത്തിന്റെ ഭാഗമായി.
ഗോവ, കോല്‍ക്കത്ത, ബംഗളൂരു എന്നിവിടങ്ങളിലും വരുംദിവസങ്ങളിൽ സമരം നടക്കുമെന്ന് സിജെപി നേതൃത്വം പ്രഖ്യാപിച്ചു.ഇതിനുശേഷം ഈ മാസം അവസാനത്തോടെ പ്രക്ഷോഭകർ ഡൽഹിയിലെത്തും. ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്.
സമരം ഗാന്ധിജിയുടെ ഇന്ത്യയെ രക്ഷിക്കാൻ: സിജെപി
മുംബൈ: മുംബൈ തെരുവില്‍ ലക്ഷക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നത് ഒരു ഫാസിസ്റ്റിനെ നേരിടാനാണെന്ന് സിജെപി നേതൃത്വം. ജനം പിന്നോട്ടില്ല.
ഗാന്ധിജിയുടെ ഇന്ത്യയെ രക്ഷിക്കാനാണീ ഒത്തുചേരൽ - ജനങ്ങള്‍ക്കു ഗാന്ധിജയന്തി ആശംസകള്‍ അര്‍പ്പിച്ച് സിജെപി നേതൃത്വം പ്രഖ്യാപിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ മുംബൈയിലേക്ക് എത്തുകയാണെന്ന് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ പറഞ്ഞു. ജനക്കൂട്ടത്തെ ഉള്‍ക്കൊള്ളാന്‍ പൊലിസ് ബാരിക്കേഡുകള്‍ക്ക് കഴിയാതെ വരും -ദീപ്കെ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നുവെന്നു ബോധിപ്പിക്കുന്നതിനാണ് മുംബൈയില്‍ത്തന്നെ സമരത്തിനു തുടക്കംകുറിക്കുന്നതെന്ന് സിജെപി നേതൃത്വം വിശദീകരിക്കുന്നു.