ന്യൂഡൽഹി: അടുത്ത മാസം ഡൽഹിയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെലിഫോൺ സംഭാഷണം നടത്തി. നിലവിലെ ഇറാൻ-യുഎസ് വെടിനിർത്തൽ ഉൾപ്പെടെയുള്ള പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്തു.
പടിഞ്ഞാറൻ ഏഷ്യയിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്കും ഇറാൻ-യുഎസ് വെടിനിർത്തലിനും ഇടയിലാണ് ഈ ചർച്ച നടന്നത്. മേഖലയിലെ സമാധാന ശ്രമങ്ങളെക്കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും ഇരുവരും വിശദമായി സംസാരിച്ചു. മേയ് മാസത്തിൽ ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പങ്കെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചി തന്റെ പങ്കാളിത്തം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ബ്രിക്സ് പ്രതിനിധികളുടെ യോഗത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ചില തടസങ്ങൾ നേരിട്ടിരുന്നു. ഇതിന് പിന്നാലെ നടന്ന ജയശങ്കർ-അരാഗ്ചി ചർച്ച ഏറെ പ്രാധാന്യത്തോടെയാണ് നയതന്ത്ര ലോകം നോക്കിക്കാണുന്നത്. ഡൽഹിയിൽ വെച്ച് നടന്ന ബ്രിക്സ് പ്രതിനിധികളുടെ യോഗം സംയുക്ത പ്രസ്താവന പുറത്തിറക്കാൻ കഴിയാതെ പിരിഞ്ഞിരുന്നു. ഇറാൻ-യുഎസ് സംഘർഷത്തെക്കുറിച്ച് ഒരു പൊതു നിലപാടിലെത്താൻ അംഗരാജ്യങ്ങൾക്ക് സാധിച്ചിരുന്നില്ല.