ചിക്കാഗോ: ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎയുടെ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസായിരുന്നു. ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി (ഡബിൾ ഹീലിക്സ്) ഘടന വാട്സൺ കണ്ടുപിടിച്ചത്.
ഈ കണ്ടുപിടിത്തത്തിന് 1962ൽ ഇരുവർക്കും വൈദ്യശാസ്ത്ര നൊബേൽ സമ്മാനം ലഭിച്ചിരുന്നു. ചിക്കാഗോയിൽ ജനിച്ച വാട്സൺ 24-ാം വയസിലാണ് ഈ കണ്ടുപിടിത്തം നടത്തിയത്. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയൊരു വഴിതെളിച്ച ഈ കണ്ടുപിടിത്തത്തിലൂടെ വാട്സണ് ശാസ്ത്ര ലോകത്ത് ആദരണീയനായി.
ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുക, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാമ്പിളുകളിൽനിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയവയ്ക്കെല്ലാം ഈ കണ്ടെത്തൽ വഴിതുറന്നു.
അതേ മനുഷ്യൻ തന്നെ ജീവിതത്തിന്റെ അവസാന കാലഘട്ടത്തിൽ കറുത്ത വർഗക്കാർ വെള്ളക്കാരേക്കാൾ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ പരാമർശം നടത്തി ലോകത്തിന്റെ വിമർശനം ഏറ്റുവാങ്ങി.