ന്യൂഡല്‍ഹി: വിദ്യാര്‍ഥി യൂണിയന് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജാമിയ മില്ലിയ ഇസ്ലാമിയ സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 17 ദിവസം പിന്നിട്ടു.
15 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്താമെന്നു സര്‍വകലാശാല അറിയിച്ചിട്ടും കൃത്യമായ തീയതി പ്രഖ്യാപിക്കാത്തതാണു വിദ്യാര്‍ഥികള്‍ പ്രക്ഷോഭം പിന്‍വലിക്കാന്‍ വിസമ്മതിക്കുന്നതിനു പ്രധാന കാരണം.
ജാമിയ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ ആദ്യം മുതൽ സമരത്തിന് പിന്തുണ നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാത്രി വൈകി സർവകലാശാലാ കാമ്പസില്‍ വ്യാപകമായ അക്രമവും കല്ലേറും ഉണ്ടായി.
ഇതിനു പിന്നാലെ കുറ്റക്കാരെന്നാരോപിച്ച് ഡല്‍ഹി പൊലിസ് ഇന്നലെ സര്‍വകലാശാലയിലെ എന്എസ്യുഐ യൂണിറ്റ് പ്രസിഡന്റ് ഫൈസാന്‍, എന്എസ്യുഐ ദേശീയ സാമൂഹികമാധ്യമ വിഭാഗംമുന് മേധാവി സീഷാന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു.