ജയ്പുര്‍: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ രാജസ്ഥാന് റോയല്‍സിന്റെ കൗമാര സൂപ്പര്‍ താരം വൈഭവ് സൂര്യവംശിയുടെ വിക്കറ്റ് നേട്ടം അമിതമായി ആഘോഷിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ന്യൂസിലന്‍ഡ് പേസര്‍ കൈല്‍ ജാമിസണിനു താക്കീതും ഡിമെറിറ്റ് പോയിന്റും. ഐപിഎല്‍ പെരുമാറ്റച്ചട്ടത്തിന്റെ ലെവല്‍ വണ്‍ അനുസരിച്ചാണ് ശിക്ഷ.
ജയ്പുരില്‍ നടന്ന മത്സരത്തില്‍ ജാമിസണിന്റെ നേരിട്ട ആദ്യപന്ത് വൈഭവ് ബൗണ്ടറി കടത്തിയിരുന്നു. എന്നാല്‍, തൊട്ടടുത്ത പന്തില്‍ വൈഭവിന്റെ വിക്കറ്റ് ജാമിസണ് ഇളക്കി. 15കാരനായ വെടിക്കെട്ട് ബാറ്ററിന്റെ വിക്കറ്റ് നേട്ടം ന്യൂസിലന്‍ഡ് താരം ആര്‍ത്തുല്ലസിച്ച് ആഘോഷിച്ചു. ഇതാണ് ബിസിസിഐക്കു പിടിക്കാതിരുന്നത്.
രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമാണ് വൈഭവ് സൂര്യവംശി എടുത്തത്. ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (50 പന്തില്‍ 90), ഡൊണോവന്‍ പെരേര (14 പന്തില്‍ 47 നോട്ടൗട്ട്), ധ്രുവ് ജുറെല്‍ (30 പന്തില്‍ 42) എന്നിവരുടെ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 225/6 എന്ന സ്കോര്‍ സ്വന്തമാക്കി.
റിക്കാര്‍ഡ് ചേസിംഗ്
കെ.എല്‍. രാഹുല്‍ (40 പന്തില്‍ 75), പാത്തും നിസാങ്ക (33 പന്തില്‍ 62), നിതീഷ് റാണ (17 പന്തില്‍ 33) എന്നിവരിലൂടെ തിരിച്ചടിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സ് 19.1 ഓവറില്‍ 226/3 അടിച്ചെടുത്ത് ഏഴ് വിക്കറ്റ് ജയം സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഏറ്റവും ഉയര്‍ന്ന വിജയകരമായ ചേസിംഗാണിത്.
സ്റ്റാര്‍ക്ക് റിട്ടേണ്‍സ്
ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ആഘോഷിച്ചു. 2026 സീസണില്‍ കളിച്ച ആദ്യ മത്സരത്തില്‍ നാല് ഓവറില്‍ 40 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. യശസ്വി ജയ്സ്വാള്‍, റിയാന്‍ പരാഗ്, രവീന്ദ്ര ജഡേജ എന്നിവരെയാണ് സ്റ്റാര്‍ക്ക് പുറത്താക്കിയത്.