ന്യൂഡൽഹി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഡൽഹിയിലെ ജൻ കൗശൽ കേന്ദ്രയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു.
നിർമിത ബുദ്ധി (എഐ), ഭാവി ഡിജിറ്റൽ സാങ്കേതികവിദ്യ തുടങ്ങിയ പുതിയ കാലത്തെ നൈപുണ്യവികസനങ്ങളിൽ യുവാക്കൾക്ക് പരിശീലനം നൽകുന്ന ഡൽഹി മോട്ടി നഗറിലുള്ള ജൻ കൗശൽ കേന്ദ്രയുടെ അംബാസഡറായാണ് സഞ്ജുവിനെ നിയമിച്ചത്.
ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയാണ് ഇക്കാര്യം സമൂഹമാധ്യമ പോസ്റ്റിലൂടെ അറിയിച്ചത്. ബാല്യകാലം ഡൽഹിയിൽ ചെലവഴിക്കുകയും ക്രിക്കറ്റ് ജീവിതം ഇവിടെ ആരംഭിക്കുകയും ചെയ്ത സഞ്ജുവിന് നഗരവുമായി പ്രത്യേക വൈകാരിക ബന്ധമുണ്ടെന്ന് സഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മുഖ്യമന്ത്രി കുറിച്ചു.
ജൻ കൗശൽ കേന്ദ്രയുടെ പ്രചാരണത്തിനായി സഞ്ജുവിന്റെ ചിത്രം ഉൾപ്പെടുത്തിയ ഔദ്യോഗിക പോസ്റ്ററും ഡൽഹി സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.