തെലുങ്കു ചിത്രം ‘പെദ്ധി’യുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് നടി ജാൻവി കപൂർ. കരൺ ജോഹറിന്റെ ടോക്ക് ഷോയായ ‘കോഫി വിത്ത് കരണി’ലാണ് ജാൻവി കപൂർ പെദ്ധി’ സിനിമയെക്കുറിച്ചും ആ വിവാദങ്ങൾ തന്നിലുണ്ടാക്കിയ ആഘാതത്തെ കുറിച്ചും തുറന്നു പറഞ്ഞത്.
‘പെദ്ധി സിനിമയെക്കുറിച്ചും അതിനുപിന്നാലെ ഉണ്ടായ വിവാദങ്ങളെക്കുറിച്ചും സംസാരിക്കാന്‍ എനിക്ക് ഇത്രയധികം മടിയുണ്ടായിരുന്നതിന്റെ കാരണം, ഒരുപാട് ആളുകള്‍ ആ സിനിമയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നതാണ്. കൂടാതെ എന്ത് പറയണം എന്നോ, അഥവാ എന്തെങ്കിലും പറയാനുണ്ടോ എന്ന് പോലും എനിക്കറിയില്ലായിരുന്നു. കാരണം, ആ ഒരു പരാജയത്തിൽ എന്റെ പങ്കിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കേണ്ടത് പ്രധാനമാണ്.
കാരണം, അത്തരമൊരു നെഗറ്റീവായ കാര്യവും നറേറ്റീവും നമ്മുടെ സമൂഹത്തില്‍, പ്രത്യേകിച്ച് സ്ത്രീകളിൽ ഉണ്ടാക്കുന്ന മോശം സ്വാധീനം എന്റെ മനസാക്ഷിയെ വിഷമിപ്പിക്കുന്നുണ്ട്. ആ അപമാനം എപ്പോഴും എന്റെ കൂടെയുണ്ടാകും.
എനിക്ക് കുറച്ചുകൂടി കാര്യങ്ങള്‍ ചെയ്യാമായിരുന്നുവോ? എനിക്ക് കുറച്ചുകൂടി ജാഗ്രത പുലര്ത്താമായിരുന്നുവോ? എനിക്ക് അതിനെതിരെ അപ്പോൾ തന്നെ ശക്തമായി പ്രതികരിക്കാമായിരുന്നുവോ?. ഇപ്പോൾ ആലോചിക്കമ്പോൾ നൂറ് ശതമാനവും വേണമായിരുന്നു എന്നാണ് തോന്നുന്നത്.
എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചതിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നോ? അത് സ്ത്രീകളെ വസ്തുവത്കരിക്കുന്നുണ്ടോ? കഥാപരമായി ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ എന്നിങ്ങനെ ചോദിച്ചാൽ എന്റെ മറുപടി അതേയെന്നാണ്.
ഇനി എനിക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം ഇത് വീണ്ടും ആവർത്തിക്കില്ലെന്ന് ഉറപ്പാക്കുക മാത്രമാണ്. 'ഞാൻ കുറച്ചുകൂടി ജാഗ്രത പുലർത്തണമായിരുന്നു, ഞാൻ അതിനെതിരെ കുറച്ചുകൂടി വലിയ രീതിയിൽ ശബ്ദമുയർത്തണമായിരുന്നു, എന്നൊക്കെ വിചാരിച്ച് സ്വയം കുറ്റപ്പെടുത്തി ഞാൻ ഏറെ വിഷമിച്ചിട്ടുണ്ട്.
വീണ്ടും പറയട്ടെ, കുറ്റം മറ്റുള്ളവരുടെ മേലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നത് പോലെ തോന്നുമെന്നതിനാൽ എനിക്ക് ഇത് പറയാൻ ഇഷ്ടമല്ല. എങ്കിലും നിങ്ങൾക്ക് അറിയാമല്ലോ, 'അതെ, സംവിധായകൻ എന്ത് പറഞ്ഞാലും അത് അനുസരിക്കണം, നമ്മൾ പ്രഫഷനൽ ആയിരിക്കണം' എന്നൊക്കെ പറയുന്ന ആ ഒരു രീതി.
അതിനാൽ, എനിക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, കാര്യങ്ങൾ പരമാവധി പ്രശ്നരഹിതമാക്കാൻ എന്റെ അറിവിൽ നിന്ന് ഞാൻ ശ്രമിക്കുകയായിരുന്നു. കാരണം ദക്ഷിണേന്ത്യയിൽ കൃത്യമായ ഒരു സ്ക്രിപ്റ്റ് (bound script) നൽകുന്ന രീതി വളരെ അപൂർവമാണ്.
ക്യാമറ ആംഗിളുകൾ എവിടെയാണെന്നൊക്കെ ആ സ്ക്രിപ്റ്റുകളിൽ കാണുന്നത് വളരെ വിരളവുമാണ്. എങ്കിലും, ഇതിൽ എന്റെ ഭാഗത്തുനിന്നുള്ള ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തേ തീരൂ.
എനിക്ക് ചില പ്രത്യേക ആനുകൂല്യങ്ങളും പ്രിവിലേജുകളും ഉണ്ടെന്നത് സത്യമാണ്. അതിന് ആളുകളിൽ നിന്ന് കുറ്റപ്പെടുത്തലുകൾ ഞാൻ എന്തായാലും കേൾക്കേണ്ടി വരും. അതുകൊണ്ട് തന്നെ ആ പ്രിവിലേജ് ഉപയോഗിച്ച് എനിക്ക് ഇതിനെതിരെ പ്രതികരിക്കാമായിരുന്നു’, ജാൻവി പറഞ്ഞു.