ഗാന്ധിനഗർ: അങ്കമാലിയിൽ കാറിടിച്ചതിനെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച വിദ്യാർഥിനി ജാസ്ലിയ ജോൺസന്റെ ഒരു കിഡ്നി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എറണാകുളം ഏലൂർ ഈസ്റ്റ് സ്വദേശിനിയായ 46കാരിയുടെ ശരീരത്തിൽ തുന്നിച്ചേർത്തു.
ഇവരുടെ ആരോഗ്യനില അപകടകരമല്ലാത്ത സ്ഥിതിയിൽ തുടരുന്നതായി ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് മെഡിക്കൽ കോളജ് നെഫ്രോളജി, യൂറോളജി, അനസ്തേഷ്യ എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിൽ കിഡ്നി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്.
വൈപ്പിൻ എടവനക്കാട് കളത്തിൽപറമ്പിൽ ജോൺസന്റെയും ലിമയുടെയുടെയും മകളാണ് 19കാരിയായ ജാസ്ലിയ. സ്വകാര്യ സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി കഴിഞ്ഞു ഹോസ്റ്റലിലേക്ക് മടങ്ങുമ്പോൾ കഴിഞ്ഞ 28ന് അങ്കമാലി ടെൽക് ജംഗ്ഷനിൽ വച്ച് ജാസ്ലിയയെ കാറിടിക്കുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലിരിക്കേ ചൊവ്വാഴ്ച രാവിലെ മസ്തിഷകമരണം സംഭവിച്ചു.
ജാസ്ലിയയുടെ കരൾ രാജഗിരിയിൽ ചികിത്സയിലുള്ളയാൾക്കാണ് നൽകുന്നത്. വൃക്ക കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കും നേത്രപടലങ്ങൾ അങ്കമാലി ഐ ബാങ്ക് അസോസിയേഷനും കൈമാറുകയായിരുന്നു.