വണ്ടൂര്‍: മലയോര മേഖലയില്‍ മഞ്ഞപ്പിത്തം പടര്‍ന്നുപിടിക്കുന്നു. വണ്ടൂര്‍, കാളികാവ് ബ്ലോക്ക് പരിധികളിലായി ഇതുവരെ 66 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. രോഗബാധിതനായ ഒരു കാളികാവ് സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ മാസം വണ്ടൂരില്‍ പുതുതായി ആരംഭിച്ച റസ്റ്ററന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗബാധയുണ്ടായത്. കഴിഞ്ഞ മാസം 11നാണ് റസ്റ്ററന്റിലെ ജീവനക്കാരന് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് 18 ഓടെ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയായിരുന്നു. വണ്ടൂര്‍, തിരുവാളി, കാളികാവ് പഞ്ചായത്തുകളിലുള്ളവര്‍ക്കാണ് നിലവില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ഈ റസ്റ്ററന്റ് അനിശ്ചിതകാലത്തേക്ക് അടപ്പിച്ചു. രോഗബാധിതരുടെ എണ്ണം ഇനിയും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.
പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി
വണ്ടൂര്‍: രോഗവ്യാപന പശ്ചാത്തലത്തില്‍ വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീന്റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗ തീരുമാനപ്രകാരം പ്രദേശത്ത് പ്രതിരോധ നടപടികള്‍ ആരംഭിച്ചു.
അടുത്ത ദിവസം മുതല്‍ പ്രദേശത്തെ കൂള്‍ബാറുകള്‍, ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് ആരോഗ്യവകുപ്പ് പരിശോധന നടത്തും. വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ വ്യാപകമായ ക്ലോറിനേഷന് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വരും ദിവസങ്ങളില്‍ വിവാഹങ്ങള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ഒത്തുചേരുന്ന പൊതുചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, ആരോഗ്യവകുപ്പ് ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്റ് പി. രാജന്, മെഡിക്കല്‍ ഓഫിസര്‍ ഉമ്മര്‍ പള്ളിയാളി, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വ്യാപാരികള്‍ എന്നിവര്‍ പങ്കെടുത്തു.