ഔദ്യോഗിക ചടങ്ങുകൾക്കപ്പുറം തീർത്തും വേറിട്ടൊരു വിടവാങ്ങൽ നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ഗ്വാളിയോർ പോലീസ് സേന.
ഗ്വാളിയോർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജി) അരവിന്ദ് സക്സേനയുടെ വിരമിക്കൽ ചടങ്ങാണ് സവിശേഷമായ ഒരു ശക്തിപ്രകടനം കൊണ്ട് ശ്രദ്ധേയമായത്.
ചടങ്ങിനുശേഷം ഐജി ഓഫീസിൽ നിന്ന് മടങ്ങാനൊരുങ്ങിയപ്പോൾ, അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനം സുനിൽ 'ബാഹുബലി' എന്ന പോലീസ് കോൺസ്റ്റബിൾ പല്ലുകൊണ്ട് വലിച്ചുകൊണ്ടുപോയാണ് യാത്രയാക്കിയത്.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും സാന്നിധ്യത്തിലായിരുന്നു യാത്രയയപ്പ് ചടങ്ങുകൾ നടന്നത്. പരിപാടികൾ പൂർത്തിയാക്കി ഐജി കാറിൽ മടങ്ങാൻ തയ്യാറെടുത്തപ്പോഴാണ് ഏവരെയും അത്ഭുതപ്പെടുത്തിയ സംഭവം അരങ്ങേറിയത്.
കാറിന് മുന്നിൽ കയറുകെട്ടി, തന്റെ പല്ലുകൾ ഉപയോഗിച്ച് കോൺസ്റ്റബിൾ സുനിൽ ഓഫീസ് വളപ്പിലൂടെ ഏകദേശം 50 മീറ്ററോളം വാഹനം വലിക്കുകയായിരുന്നു.
ആളുകൾ കയറിയിരുന്നതിനാൽ സാധാരണയേക്കാൾ ഭാരമുണ്ടായിരുന്നിട്ടും, തന്റെ മുഴുവൻ കരുത്തുമെടുത്ത് ഓഫീസിന്റെ പ്രധാന കവാടം വരെ അദ്ദേഹം വാഹനം സുരക്ഷിതമായി എത്തിച്ചു.
സഹപ്രവർത്തകരും മുതിർന്ന ഉദ്യോഗസ്ഥരും വലിയ കൈയടിയോടെയാണ് ഈ പ്രകടനത്തെ വരവേറ്റത്. അസാധാരണമായ ശാരീരികശേഷി കൊണ്ട് പോലീസ് സേനയിൽ നേരത്തെ തന്നെ പ്രശസ്തനാണ് സുനിൽ.
മുൻപ് ഒരേസമയം ഏഴ് കാറുകൾ പല്ലുകൊണ്ട് വലിച്ച് റെക്കോർഡ് ഇട്ടിട്ടുള്ള ഇദ്ദേഹം, നിരവധി പൊതുവേദികളിലും ഇത്തരം പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. ഈ അസാധാരണ കഴിവുകളാണ് അദ്ദേഹത്തിന് 'ബാഹുബലി' എന്ന പേര് നേടിക്കൊടുത്തത്.
ചടങ്ങിനുശേഷം സംസാരിച്ച റിട്ടയേർഡ് ഐജി അരവിന്ദ് സക്സേന, സഹപ്രവർത്തകർ നൽകിയ ഊഷ്മളമായ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു. ഗ്വാളിയോറിലെ സേവനകാലയളവിലെ മനോഹരമായ ഓർമ്മകൾ എന്നും ഹൃദയത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോലീസ് വകുപ്പിൽ അപൂർവ്വമായി മാത്രം കാണാറുള്ള ഇത്തരം ഒരു വിടവാങ്ങലിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.