കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസൺ തുടങ്ങാൻ ഇനി ഒരാഴ്ച മാത്രം. 25ന് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ്സി തൃശൂർ മാജിക്ക് എഫ്സിയെ നേരിടും. മത്സരവേദിയായ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്. ഗാലറികളുടെ പെയിന്റിംഗ് ജോലികൾ അവാസന ഘട്ടത്തിലെത്തി.കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ ജേഴ്സി നിറങ്ങളായ ചുവപ്പും വെള്ളയും അടിസ്ഥാനമാക്കിയാണ് ഗാലറികൾക്ക് നിറം നൽകുന്നത്.
മത്സരങ്ങള്‍ക്കായി താത്കാലിക ഫ്ലഡ് ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സ്റ്റാന്‍ഡുകളുടെ നിര്‍മാണവും അവസാനഘട്ടത്തിലാണ്. സ്റ്റേഡിയത്തിലെ ഉപയോഗിക്കാൻ കഴിയാത്ത ഈസ്റ്റ് ഗാലറിക്കു മുന്നിൽ താത്കാലിക ഗാലറിയുടെ നിർമാണവും നടക്കുന്നുണ്ട്. രണ്ടു താത്കാലിക ഗാലറികളിലായാണ് കാണികള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. താരങ്ങള്‍ക്കും ഔദ്യോഗിക സംഘങ്ങള്‍ക്കുമുള്ള ഡ്രസിംഗ് റൂം, മെഡിക്കല്‍ റൂം, മീഡിയ റൂം, ബ്രോഡ്കാസ്റ്റിംഗ് റൂം തുടങ്ങിയവയുടെ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.