തിരുവനന്തപുരം: ഇന്ത്യൻ അത്ലറ്റിക് സീരീസ് 10 -ൽ 20 വയസിൽ താഴെയുള്ള വനിതകളുടെ ട്രിപ്പിൾ ജംപിൽ കേരളത്തിന്റെ അലീന ടി. ഷാജി സ്വർണനേട്ടത്തിന് അർഹയായി.
12.87 ദൂരം താണ്ടിയാണ് അലീന സുവർണക്കുതിപ്പിന് അർഹയായത്. തന്റെ രണ്ടാം ചാട്ടത്തിലാണ് അലീന സ്വർണത്തിലേക്ക് ചാടിക്കയറിയത്. ഈ ഇനത്തിൽ കേരളത്തിന്റെ തന്നെ ജെയ്ൻസി ട്രീസാ റെജി 12.71 മീറ്റർ ചാടി വെങ്കല നേത്തിന് അവകാശിയായി.
20 വയസിൽ താഴെയുള്ള വനിതകളുടെ പോൾവോൾട്ടിൽ കേരളത്തിന്റെ ജീനാ ബേസിൽ 3.50 ഉയരം മറികടന്ന് സ്വർണത്തിൽ മുത്തമിട്ടു. ഹൈജംപിൽ കേരളാ താരം അനാമിക അജീഷ് 1.45 മീറ്റർ മറികടന്ന് സ്വർണച്ചാട്ടം നടത്തി. വനിതകളുടെ 3000 മീറ്ററിൽ എം.ഡി. കൃഷ്ണേന്ദു(12:00.63) മലയാളക്കരയ്ക്ക് സുവർണ നേട്ടം സമ്മാനിച്ചു.
ലോംഗ് ജംപിൽ ഹരിയാനയുടെ കോമൾ 5.62 മീറ്റർ ചാടി സ്വർണത്തിന് അവകാശിയായപ്പോൾ കേരളത്തിന്റെ ജാസ്മിൻ മത്തച്ചൻ 5.47 ദൂരം കടന്ന് വെങ്കല നേട്ടത്തിന് അവകാശിയായി.
വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ തമിഴ്നാടിന്റെ ലതികാ ധരണ്‍ (1: 06.39) സ്വർണം നേടി. ഹരിയാനയുടെ ദേവീന്ദർ കൗറിനാണ് (2:10.35) 800 മീറ്ററിൽ ഒന്നാം സ്ഥാനം.പുരുഷൻമാരുടെ ലോംഗ് ജംപിൽ വെസ്റ്റ് ബംഗാളിന്റെ രാജീവ് റോയ്( 7.45) സ്വർണത്തിൽ മുത്തമിട്ടു. പരുഷവിഭാഗത്തിൽ കേരളാ താരങ്ങൾക്ക് കാര്യമായ മികവ് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല.