കോതമംഗലം: ജീവ മിൽക്ക് യുവതലമുറയ്ക്കും തൊഴിലന്വേഷകർക്കും ഏറെ പ്രചോദനമേകുന്നതാണെന്ന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കോതമംഗലം രൂപതയുടെ ക്ഷീരകർഷക ക്ഷേമപ്രസ്ഥാനമായ ജീവ മിൽക്കിന്റെ രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ക്ഷീരകർഷകർക്കും പൊതുസമൂഹത്തിനും പ്രസ്ഥാനം നൽകുന്ന സേവനങ്ങൾ അഭിമാനകരമാണ്. ഇനിയും കൂടുതൽ കർഷകർക്കു വഴികാട്ടിയായി കോതമംഗലം രൂപതയുടെ ജീവ മിൽക്ക് മാറട്ടേയെന്നും മേജർ ആർച്ച്ബിഷപ് പറഞ്ഞു.
ചടങ്ങിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബിഷപ് മാർ ജോർജ് പുന്നക്കോട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തി. ലേബർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജോർജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തി. ജീവ സൊസൈറ്റികളിൽ ഏറ്റവും കൂടുതൽ പാൽ അളന്ന കർഷകനെ രൂപത വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ, മോൺ. വിൻസെന്റ് നെടുങ്ങാട്ട് എന്നിവർ ആദരിച്ചു. ജീവ സ്റ്റാഫിനുള്ള എട്ടാമത് ഭവനനിർമാണ പദ്ധതിയുടെ സഹായ വിതരണോദ്ഘാടനം ഫാ. മാത്യു കോണിക്കൽ നിർവഹിച്ചു.
കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോർജ്, ജില്ലാ പഞ്ചായത്ത് മെംബർ ജോമി തെക്കേക്കര, ബ്ലോക്ക് പഞ്ചായത്ത് മെംബർ പി.എം. സിദ്ദിഖ് , വാർഡ് മെംബർ സുനി അയ്യപ്പൻ, ജീവ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോസ് മൂർക്കാട്ടിൽ, ജനറൽ മാനേജർ സിബി ജോർജ്, മുൻ ഡയറക്ടർമാരായ ഫാ. കുര്യാക്കോസ് കൊടകല്ലിൽ, ഫാ. ജേക്കബ് തലാപ്പിള്ളിൽ, മാങ്കുളം പഞ്ചായത്ത് മെംബർ എം.ജെ. റോയി, ആർട്ടിസ്റ്റ് ബേസിൽ ബെന്നി എന്നിവർ പ്രസംഗിച്ചു.
ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുന്ന ജീവ കുടുംബസംഗമം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. ഫാ. ജോസ് മൂർക്കാട്ടിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി, ആന്റണി ജോൺ എംഎൽഎ എന്നിവർ പ്രസംഗിക്കും.