ഹെൻറി ഡേവിഡ് തോറോയെ അറിയുന്നതിനും വായിക്കുന്നതിനും മുൻപ് ഹൃദിസ്ഥമാക്കിയൊരു വരിയുണ്ട്. “Love your life, poor as it is.” നിങ്ങളുടെ ജീവിതം എത്ര ദരിദ്രമാണെങ്കിലും അതിനെ സ്നേഹിക്കുക. അത്രമേൽ വെളിച്ചത്താൽ എഴുതപ്പെട്ട ഒരു വരി. ഒരു പതിനഞ്ചുവയസുകാരന് ഈ വരി ഓട്ടോഗ്രാഫിൽ എഴുതിക്കിട്ടുമ്പോൾ അവനതിന്റെ അർഥം അറിയില്ലായിരുന്നു. ഇംഗ്ലീഷ് അധ്യാപകൻ വിൻസെന്റ് സാറാണ് ഇതെഴുതിത്തന്നത്. അതിനർഥം അറിയില്ലെങ്കിലും അന്നേ ആ വരി ഞാൻ മനപ്പായസമാക്കിയിരുന്നു. എന്നെ ആകർഷിച്ചത് അതിലെ മൂന്ന് വാക്കുകളായിരുന്നു. Love, Life, Poor. ഇതിൽ Loveന്റെയും Poorന്റെയും അർഥമറിയാമെങ്കിലും Lifeന്റെ അർഥമറിയില്ലായിരുന്നു. ആ അറിവില്ലായ്മ ഇപ്പോഴുമുണ്ട്. ആയുസൊടുങ്ങുംവരെ അതുണ്ടാകുമെന്നാണ് തോന്നുന്നത്.
ജീവിതത്തെക്കുറിച്ച് ഒരറിവും ഇല്ലാതിരുന്ന കാലമായിരുന്നു അത്. എന്നിട്ടും ഒരു പതിനെട്ടുകാരൻ കവിതാ മത്സരത്തിൽ “ജീവിച്ചു തീർക്കേണ്ടതാണ് ജീവിതം” എന്നെഴുതിവച്ചു. എന്തു ധൈര്യത്തിലാണ് അതെഴുതിയതെന്ന് ഇന്നുമെനിക്കറിയില്ല. പക്ഷേ, എഴുതി. നല്ല ഭംഗിയുള്ള കൈയക്ഷരത്തിൽ. പിന്നീട് പതിയെ തിരിഞ്ഞുനോക്കുമ്പോൾ ആ ഭംഗി ജീവിതത്തിനുണ്ടായിരുന്നോ എന്നറിയില്ല. ബിരുദ ക്ലാസിൽ പഠിക്കുമ്പോൾ ജീവിതത്തെക്കുറിച്ച് വീണ്ടും എഴുതി, “തൊണ്ടയിൽ കുടുങ്ങിക്കിടക്കുന്ന നിലവിളിയാണ് ജീവിതം” എന്ന്. അതു വായിച്ച് ഞങ്ങളുടെ പ്രഫസർ കിളിമാനൂർ രമാകാന്തൻ സാർ എന്നെ നെഞ്ചിലേക്കു ചേർത്തുപിടിച്ചത് ഓർമയുണ്ട്. അപ്പോഴേക്കും എന്റെ സ്വപ്നങ്ങൾ കാലം കൊത്തിനുറുക്കിത്തുടങ്ങിയിരുന്നു. ബിരുദാനന്തര ബിരുദ പഠനകാലത്ത് വീണ്ടും ജീവിതത്തെക്കുറിച്ച് വ്യഥിതശ്രുതിയിൽ ഞാനെഴുതി “ആഘാതങ്ങൾക്കിടയിൽ ആരും കേൾക്കാതെപോയ സംഗീതമായിരുന്നു എന്റെ ജീവിത”മെന്ന്. അപ്പോഴേക്കും അപാരത നോക്കിനിൽക്കുമൊരു ഭ്രഷ്ടകാമുകനായി ഞാൻ മാറിക്കഴിഞ്ഞിരുന്നു.
കേട്ടതിലേക്കുംവച്ച് ഏറ്റവും ജ്വരബാധിതമായ ജീവിതനിർവചനം ഒരു മുഴുക്കുടിയന്റേതായിരുന്നു. “തൃഷ്ണകളുടെ ആവർത്തനമാണ് ജീവിതം” എന്നാണ് അയാൾ പറഞ്ഞത്. കൊല്ലത്തെ ഒരു ലഹരിവിമോചനകേന്ദ്രത്തിൽവച്ച് അയാളിതു പറയുമ്പോൾ അയാളുടെ ആയുസ് ഒടുങ്ങിയിരിക്കുകയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. ചരമശയ്യയിൽ യാത്രപറയുവാൻ ലിപികളൊന്നിച്ചടുക്കിവയ്ക്കുകയായിരുന്നു അയാൾ. ആ രാത്രി അയാൾ മൃത്യുദംശത്താൽ വരഞ്ഞ നീലപ്പാടുകളുമായി എവിടേക്കെന്നില്ലാതെ ഇഴഞ്ഞുപോയി. അടുത്ത ദിവസം പ്രഭാതത്തിൽ തൃഷ്ണകളുടെ ആ മൺകൂട് ചുടുകാട്ടിലേക്കു ചുമന്നുകൊണ്ടുപോയവരിൽ ഒരാൾ ഞാനായിരുന്നു. എരിഞ്ഞടങ്ങുമ്പോഴും അയാൾക്കെന്നോട് എന്തൊക്കെയോ പറയാനുള്ളതുപോലെ തോന്നി. പക്ഷേ, അയാളൊന്നും പറഞ്ഞില്ല.
ഏറെക്കാലം എന്റെയുള്ളിലാ ഉച്ചവെയിൽ കനത്തു നിന്നിരുന്നു. ജീവിതത്തെക്കുറിച്ച് പിന്നീട് ഉപന്യസിക്കേണ്ടിവന്നപ്പോഴെല്ലാം ഞാനയാളുടെ കുലച്ച വില്ല് ഓർത്തെടുത്തു. കറുത്തു പുകയുന്നൊരഗ്നിപർവതംപോലെ ആ ഓർമകൾ ഇപ്പോഴുമെന്റെ നെഞ്ചിലുണ്ട്. പാതി പതിരായി അയാള് പറഞ്ഞുപോയ ആ വരിയുടെ പിന്നാലെ ഞാനേറെ ദൂരം നടന്നു. ആ നടത്തം ശ്രാവസ്തിയിലാണ് ചെന്നെത്തിയത്. അക്കാലത്ത് ഞാൻ വായിച്ച പുസ്തകങ്ങളിലധികവും ബുദ്ധചരിതങ്ങളായിരുന്നു.
ബുദ്ധശിശുവിന്റെ പവിത്രപാദങ്ങൾ പതിഞ്ഞിടമെല്ലാം പത്മങ്ങൾ വിരിഞ്ഞു എന്നു വായിച്ചു ഞാൻ ഒരു തൂവൽപോലെ മണ്ണിൽ കൊഴിഞ്ഞുവീണു. കൊട്ടാരം വിട്ടിറങ്ങിയവന്റെ നിഴലിൽ ചവിട്ടി ഞാനലഞ്ഞു. ക്ഷീണിതഗാത്രനായ് അവൻ തൃഷ്ണകളുടെ മഹാനദി ഒറ്റയ്ക്ക് കടക്കുന്നത് ഞാൻ കണ്ടു. ഇതെല്ലാം തൃഷ്ണകളെ മറികടക്കാൻ അവൻ കണ്ടെത്തിയ ജീവിതവഴികളായിരുന്നു. എന്നാൽ, ആ വഴികളിലൂടെ അധികദൂരം നീങ്ങാൻ എനിക്കായില്ല. ദുഃഖഹേതുവായ തൃഷ്ണകളും മനുഷ്യമഹാജീവിതവും തമ്മിൽ അടർക്കളത്തിൽ തുറിച്ചുനോക്കി നിൽക്കവേ രക്ഷാമന്ത്രം ചൊല്ലി ഞാൻ അവിടെനിന്ന് പലായനം ചെയ്തു.
പിന്നീടെപ്പോഴോ ആന്റൺ ചെക്കോവിന്റെ ഒരു കഥ വായിച്ചു. കാമുകിയായ വോൾഗാ നിപ്പറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടിയായാണ് ചെക്കോവ് ആ കഥ അവതരിപ്പിക്കുന്നത്. അതിലൊരിടത്ത് ചെക്കോവ് എഴുതുന്നു, “ജീവിതം സ്തോഭനിർദയമാണ്. ഒരിക്കലും കാരുണ്യം പ്രതീക്ഷിക്കരുത്. പക്ഷേ, കാരുണ്യം പ്രതീക്ഷിച്ചവരിൽ രണ്ടുപേർ നമ്മൾ രണ്ടുപേരുമായിരിക്കും. നമ്മളായിരിക്കും ജീവിതം അന്വേഷിച്ചുപോയ ഭൂമിയിലെ ആദ്യത്തെയും അവസാനത്തെയും വിഡ്ഢികൾ!” ആ കഥ വായിച്ചപ്പോൾ അതെ, അതെ എന്ന് ഒരായിരം തവണ വിളിച്ചുപറയണമെന്ന് എനിക്കു തോന്നി. എത്ര പരുഷമായാണ് ജീവിതം നമ്മോട് പെരുമാറുന്നത് എന്നോർത്തപ്പോൾ വല്ലാത്ത സങ്കടം തോന്നി.
“ആത്മാവ് നഷ്ടപ്പെട്ടൊരഭയാർഥിയാം മർത്ത്യനോട് ജീവിതം അങ്ങനെയേ പെരുമാറുകയുള്ളൂ” എന്ന് കുഞ്ഞിരാമൻ നായർ എഴുതിയിട്ടുണ്ട്. മീനനിലാവ് പരന്ന ഒരു സന്ധ്യയിലാണ് കുഞ്ഞിരാമൻ നായർ ഇങ്ങനെ ചിന്തിക്കുന്നത്. ഏതോ വളകിലുക്കം കേട്ട് പാതിരാക്കടവത്തുനിന്ന് ഒറ്റയ്ക്ക് തോണി തുഴയുമ്പോഴാകണം കവി ഇതെഴുതിയിട്ടുണ്ടാവുക.
ഓഷോയുടെ ഒരു പുസ്തകമുണ്ട്. Book I have Loved. ഓഷോ വായിച്ച ആയിരക്കണക്കിന് പുസ്തകങ്ങളിൽനിന്ന് തെരഞ്ഞെടുത്ത നൂറ്റിയറുപത്തിയെട്ട് പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകമാണത്. ‘പുസ്തകങ്ങളുടെ പുസ്തകം’ എന്ന് അതിനെ ലളിതമായി വിശേഷിപ്പിക്കാം. അതിൽ നിറയെ ദാഹവിരഹങ്ങളുടെ തടാകങ്ങളും അന്ധപ്രക്ഷുബ്ധമാം ജീവിതസാഗരങ്ങളുമാണ്. ചിലേടങ്ങൾ ശിലാമയ വനാന്തരങ്ങൾപോലെ തമോപ്രത്യക്ഷങ്ങളാണ്. എല്ലാം ജീവിതമെന്ന അഴിമുഖത്തേക്ക് ഒഴുകിയെത്തുന്നു. അഭൗമമായ വെളിപാടുകൾക്കും സൂക്ഷ്മലോകസഞ്ചാരങ്ങൾക്കുമൊടുവിൽ നാം എത്തിച്ചേരുന്നിടം ജീവിതം എന്നാണ് ഓഷോ പറയുന്നത്. മരണാനന്തരം നാം എത്തിച്ചേരുന്നിടം ശൂന്യതയല്ല; അവിടെ വീണ്ടും ജീവിതം കാത്തുനിൽക്കുന്നു എന്ന്. എന്തൊരു പരീക്ഷണമാണിത്.
മൃതിപ്പെട്ടാലും ജീവിതത്തിൽനിന്ന് മോക്ഷമില്ലെന്ന് ഓഷോ പറയുന്നു. പാതിവെന്ത ശിരോലിഖിതങ്ങൾ ആരാണ് അടുത്ത ജീവിതത്തിനു നോവിക്കാനായി സുഖപ്പെടുത്തുന്നത്? പെരുകുന്നൊരുത്സാഹത്തിൻ വെളിച്ചക്കടലിലേക്ക് നഗ്നനായി മനുഷ്യൻ വീണ്ടും ഇറങ്ങുന്നതെന്തിനാണ്? അറിയില്ല. പക്ഷേ, ഒന്നുമാത്രം അറിയാം. നമുക്ക് അപരിചിതമായ ഏതോ ഒരു വാക്കിന്റെ വിപരീത പദമായിരിക്കണം ജീവിതമെന്നത്.