ഇരിങ്ങാലക്കുട: മൂന്നാംക്ലാസിൽ ആദ്യമായി ഒരു വിഷയത്തിൽ (കണക്ക്) തോറ്റപ്പോൾ തുടങ്ങിയതാണ് ജെറി ഫ്രാൻസിസിന്റെ തോൽവികളുടെ കഥ. പഠനത്തിൽ പിന്നിലാണെന്ന മുദ്രയടിക്കപ്പെടലും പരീക്ഷകളിലെ പരാജയങ്ങളും ആത്മവിശ്വാസം കെടുത്തിയ കാലം.
ഒടുവിൽ പത്താംക്ലാസ് സെക്കൻഡ് ക്ലാസോടെ ജയിച്ചു. എൻജിനിയറിംഗിനു ചേർന്നെങ്കിലും മൂന്നു പേപ്പറുകൾ ബാക്കിയായി. പലവട്ടം പരീക്ഷയെഴുതിയിട്ടും അവ കൈപ്പിടിയിലൊതുങ്ങിയില്ല. ഒടുവിൽ 2021ൽ, മുപ്പതാം വയസിൽ എൻജിനിയറിഗ് ബിരുദം പൂർത്തിയാക്കി. എന്നാൽ അപ്പോഴേക്കും പഠനത്തോടുള്ള ജെറിയുടെ കാഴ്ചപ്പാട് മാറിക്കഴിഞ്ഞിരുന്നു. അതിനുപിന്നിൽ 2018ലെ ഒരു ‘മാജിക്’ വഴിത്തിരിവാണ്.
ഇന്ന് മുപ്പത്തഞ്ചാം വയസിൽ എൻജിനിയറിംഗ് ബിരുദത്തിനുപുറമേ 19 വിദ്യാഭ്യാസയോഗ്യതകൾകൂടി സ്വന്തമാക്കിയിരിക്കുകയാണ് ഈ ഇരിങ്ങാലക്കുടക്കാരൻ. ഒരിക്കൽ അവസാന ബെഞ്ചിലിരുന്ന കുട്ടി ഇന്ന് അറിവിന്റെ അനന്തമായ ആകാശത്തേക്കു പറക്കുകയാണ്.
തോൽവികളുടെ കുട്ടിക്കാലം
എൽകെജി മുതൽ പത്താംക്ലാസ് വരെ ഇരിങ്ങാലക്കുട ഡോണ് ബോസ്കോ ഇംഗ്ലീഷ് മീഡിയം സ്കൂളിലായിരുന്നു പഠനം. മൂന്നാംക്ലാസിൽ ആദ്യമായി കണക്ക് പരീക്ഷയിൽ പരാജയപ്പെട്ടു. പിന്നീട് പലപ്പോഴും പരീക്ഷകളിൽ തോൽവിയുടെ കയ്പ് അനുഭവിക്കേണ്ടിവന്നു. അധ്യാപകരും സഹപാഠികളും എന്തിന് സ്വന്തം മാതാപിതാക്കൾപോലും പഠനത്തിൽ വലിയ പ്രതീക്ഷയില്ലാത്ത കുട്ടിയായിട്ടാണു തന്നെ കണ്ടതെന്നു ജെറി പറയുന്നു.
1977 മുതൽ ഇരിങ്ങാലക്കുടയിൽ വന്ദന ബുക്ക് സ്റ്റാൾ നടത്തി വന്ന എം.വി. ഫ്രാൻസിസിന്റെയും ആനിയുടെയും മകൻ അക്ഷരങ്ങൾക്കിടയിലാണു വളർന്നതെങ്കിലും പഠനത്തിൽ മികവു പുലർത്താൻ കഴിയാതെ കുഴഞ്ഞു. ബാസ്കറ്റ്ബോൾ കളിയിലെ മികവുകൊണ്ട് സ്പോർട്സ് ക്വോട്ടയിലാണ് ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു സയൻസിനു പ്രവേശനം ലഭിച്ചത്. തുടർന്ന് 2009ൽ തമിഴ്നാട്ടിലെ ധർമപുരിയിലുള്ള ജയം കോളജ് ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ എൻജിനിയറിംഗിനു ചേർന്നു. 2013 വരെയായിരുന്നു കോഴ്സെങ്കിലും മൂന്നു പേപ്പറുകൾ ബാക്കിയായി. പലവട്ടം പരീക്ഷയെഴുതി. വിജയംമാത്രം അകലെയായി.
"മാജിക്' തുറന്ന പഠനവഴി
ഇതിനിടെ 2018-ൽ പ്രശസ്ത മജീഷ്യൻ ആർ.കെ. മലയത്തിന്റെ കീഴിൽ നിലമ്പൂരിൽ മാജിക് പരിശീലനത്തിനുപോയതു പുതിയൊരു ചിന്തയ്ക്കു വഴിതുറന്നു. അസാധ്യമെന്നു തോന്നുന്ന കാര്യങ്ങളെ പരിശീലനത്തിലൂടെയും ഏകാഗ്രതയിലൂടെയും സാധ്യമാക്കാമെന്ന തിരിച്ചറിവ് പഠനത്തോടുള്ള സമീപനവും മാറ്റി. പുതിയ വിഷയങ്ങൾ പഠിക്കണമെന്നും വിവിധ മേഖലകളിൽ യോഗ്യതകൾ നേടണമെന്നും ആഗ്രഹിച്ചു. അങ്ങനെയാണു വിദൂരവിദ്യാഭ്യാസത്തിന്റെ വഴിയിലൂടെ പുതിയ പഠനയാത്ര ആരംഭിച്ചത്.
വിവിധ ഡിപ്ലോമകൾ നേടാൻ തുടങ്ങിയതിനിടയിൽ 2021ൽ ബിടെക് ബിരുദവും സ്വന്തമാക്കി. മുപ്പതാം വയസിൽ നേടിയ ആ വിജയം ജെറിയുടെ ജീവിതത്തിൽ വലിയ വഴിത്തിരിവായി. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ് യൂണിവേഴ്സിറ്റി, അണ്ണാമലൈ യൂണിവേഴ്സിറ്റി, മധുര കാമരാജ് യൂണിവേഴ്സിറ്റി, അണ്ണാ യൂണിവേഴ്സിറ്റി, തമിഴ്നാട് ഫിസിക്കൽ എജ്യുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽനിന്നായി വിവിധ വിഷയങ്ങളിൽ 19 സർട്ടിഫിക്കറ്റ് കോഴ്സുകളും ഡിപ്ലോമകളും പൂർത്തിയാക്കി.
20 വിദ്യാഭ്യാസ യോഗ്യതകൾ
ഇന്റർനാഷണൽ ബിസിനസ് ഓപ്പറേഷൻ, ഹോസ്പിറ്റൽ മാനേജ്മെന്റ്, ബിസിനസ് മാനേജ്മെന്റ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ പോപ്പുലേഷൻ ആൻഡ് ഫാമിലി ഹെൽത്ത് സ്റ്റഡീസ് എന്നീ നാല് പിജി ഡിപ്ലോമകൾ, ഡിപ്ലോമ ഇൻ അഗ്രി ബിസിനസ് മാനേജ്മെന്റ്, ഹോട്ടികൾച്ചർ ആൻഡ് നഴ്സറി മാനേജ്മെന്റ്, ടൂറിസം സ്റ്റഡീസ് തുടങ്ങി ആറ് ഒരു വർഷ ഡിപ്ലോമകൾ, ഒമ്പത് ആറുമാസ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
എൻജിനിയറിംഗ് ബിരുദം കൂടി ചേർത്താൽ ആകെ 20 പ്രധാന വിദ്യാഭ്യാസ യോഗ്യതകൾ. യോഗയുമായി ബന്ധപ്പെട്ട പഠനം ആയുഷ് വകുപ്പിന്റെ കീഴിലുള്ള ഡൽഹി യോഗ അലയൻസ് ഇന്റർനാഷണലിൽനിന്നാണു പൂർത്തിയാക്കിയത്. മാജിക്കിലൂടെ ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിലും ഇടംനേടി. പഠനത്തിൽ പിന്നിലായിരുന്ന കാലത്ത് പരീക്ഷാഫലങ്ങളെ ഭയന്നിരുന്ന ജെറി ഇന്ന് ഓരോ പുതിയ പഠനാവസരത്തിനും കാത്തിരിക്കുന്നു.
ഇതിനിടെ 2025 മേയ് നാലിന് ഷീന തോമസിനെ വിവാഹം കഴിച്ചു. ദുബായിൽ നഴ്സായി ജോലി ചെയ്യുന്ന ഷീനയാണു ജെറിയുടെ പഠനയാത്രയിൽ ഇപ്പോഴത്തെ വലിയ പിന്തുണ.