മാർച്ച് 16 ഓസ്കർ അവാർഡ് നിശയിൽ മുഴങ്ങിക്കേട്ട ജെസി ബക്ലി എന്ന പേരിന് പിന്നിൽ ഒരു ചരിത്രം കൂടിയുണ്ട്. മികച്ച നടിക്കുള്ള ഓസ്കർ നേടി ജെസി സ്വന്തമാക്കിയത് മറ്റൊരു നേട്ടം കൂടിയാണ്. ഓസ്കർ നേടുന്ന ആദ്യത്തെ ഐറിഷ് താരം എന്ന റിക്കാർഡാണ് താരം തന്റെ പേരിൽ കൈവരിച്ചത്.
ഹാംനെറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ജെസ്സി ബക്ക്ലി മികച്ച നടിക്കുള്ള ഓസ്കർ പുരസ്കാരം സ്വന്തമാക്കിയത്. ഈ വിജയം വെറുമൊരു യാദൃശ്ചികതയായിരുന്നില്ല. ഇതിനു മുൻപും ജെസി ബക്ക്ലി ഒരു തരംഗമായിരുന്നു. ഓസ്കർ വേദിയിലേക്ക് എത്തുന്നതിന് മുൻപ് തന്നെ ആ വർഷത്തെ പ്രധാന പുരസ്കാരങ്ങളെല്ലാം ജെസി തൂത്തുവാരിയിരുന്നു:
SAG-AFTRA ആക്ടർ അവാർഡ്, ബാഫ്ത ക്രിട്ടിക്സ് ചോയ്സ് അവാർഡ്, ഗോൾഡൻ ഗ്ലോബ് ഇതെല്ലാം തന്റെ പേരിൽ തന്നെ ജെസി നേടിയിരുന്നു.
അയർലണ്ടിന്റെ യശസുയർത്തിയ ഈ ചരിത്രനേട്ടം ആഗോള സിനിമാ ലോകത്ത് ജെസി ബക്ക്ലിയുടെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചിരിക്കുകയാണ്.
മികച്ച നടിക്കുള്ള മത്സരം അത്ര എളുപ്പമായിരുന്നില്ല. ഇഫ് ഐ ഹാഡ് ലെഗ്സ് ഐഡ് കിക്ക് യു എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ റോസ് ബേൺ, സോംഗ് സംഗ് ബ്ലൂവിലെ കേറ്റ് ഹഡ്സൺ, സെന്റിമെന്റൽ വാല്യുവിലെ റെനേറ്റ് റെയിൻസ് വെ തുടങ്ങിയ കരുത്തരായ പ്രതിഭകളെ മറികടന്നാണ് ജെസി ഈ പുരസ്കാരം സ്വന്തമാക്കിയത്.
മാഗി ഒഫാരെലിന്റെ വിഖ്യാത നോവലിനെ ആസ്പദമാക്കി ക്ലോയി ഷാവോ സംവിധാനം ചെയ്ത ചിത്രമാണ് ഹാംനെറ്റ്. വിശ്വപ്രസിദ്ധ നാടകകൃത്ത് വില്യം ഷേക്സ്പിയറുടെ ഭാര്യ അഗ്നസ് ഷേക്സ്പിയറെയാണ് ജെസി ഇതിൽ അവതരിപ്പിച്ചത്. ഷേക്സ്പിയറായി വേഷമിട്ടത് പോൾ മെസ്കൽ ആയിരുന്നു. ഒരു ചരിത്ര കഥാപാത്രത്തിന്റെ വൈകാരിക തലങ്ങളെ അങ്ങേയറ്റം തന്മയത്വത്തോടെ അവതരിപ്പിച്ചതാണ് ജെസിയെ ഈ വലിയ വിജയത്തിന് അർഹയാക്കിയത്.