ന്യൂഡൽഹി: കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്തു മാസം പ്രായമുള്ള ആലിൻ ഷെറിൻ ഏബ്രഹാമിന് ആദരമർപ്പിക്കുന്ന കുറിപ്പുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ.
ആലിന്റെ അവയവങ്ങൾ മരണത്തിനുശേഷം ദാനം ചെയ്തതിലൂടെ അവൾ അനശ്വരയായി മാറിയെന്നും നിരവധി വീടുകളിൽ അവൾ പ്രതീക്ഷയായി ഇന്നും ജീവിക്കുകയാണെന്നും ഹേമന്ത് എക്സിൽ പങ്കുവച്ച ഹൃദയഹാരിയായ കുറിപ്പിൽ പറയുന്നു.
ഏതൊരു മാതാപിതാക്കൾക്കും ജീവിതത്തിലുണ്ടാകുന്ന ഏറ്റവും വേദന നിറഞ്ഞ നിമിഷമാണു തന്റെ കുട്ടിയുടെ മരണമെന്നും ആ സമയത്തും തന്റെ പ്രിയപ്പെട്ട കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കളായ ഷെറിൻ എൻ.ജോണും അരുണ്‍ ഏബ്രഹാമും എടുത്ത തീരുമാനം അസാധാരണമായ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും കരുണയുടെയും ഉദാഹരണമാണെന്നും ജാർഖണ്ഡ് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ആലിന്റെ മാതാപിതാക്കൾ ചെയ്തത് എല്ലാ മനുഷ്യരാശിക്കുംവേണ്ടിയുള്ള മായാത്ത ഒരു ഉദാഹരണമാണെന്നും അത് എല്ലാ അതിരുകൾക്കും ഭാഷകൾക്കും വിഭാഗങ്ങൾക്കും മുകളിലായി ഉയരുന്നതാണെന്നും ഹേമന്ത് സോറൻ വ്യക്തമാക്കി.
ആലിന്റെ സംസ്കാരച്ചടങ്ങുകൾക്ക് സംസ്ഥാന ബഹുമതി നൽകിയ മുഖ്യമന്ത്രി പിണറായി വിജയനെ ഹേമന്ത് സോറൻ അഭിനന്ദിച്ചു.
മറ്റുള്ളവർക്ക് ജീവൻ നൽകുന്ന അവയവദാനമാണ് ഏറ്റവും വലിയ സമ്മാനമെന്നും സംസ്ഥാനത്ത് അവയദാനത്തിന്റെ നയം ശക്തിപ്പെടുത്താൻ ജാർഖണ്ഡ് സർക്കാർ ആവശ്യമായ എല്ലാ നടപടികളുമെടുക്കുമെന്നും വ്യക്തമാക്കിയാണ് ഹേമന്ത് സോറൻ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.