ന്യൂഡൽഹി: പട്ടികജാതി-പട്ടികവർഗ സംവരണത്തിലെ ഉപവിഭാഗീകരണം, ക്രീമിലെയർ എന്നിവയെച്ചൊല്ലി കേന്ദ്രമന്ത്രിസഭയിലെ രണ്ട് കാബിനറ്റ് മന്ത്രിമാർ തമ്മിൽ വാക്പോര്.
ഹിന്ദുസ്ഥാനി അവാം മോർച്ച-സെക്കുലർ (എച്ച്എഎം) അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജിതൻ റാം മാഞ്ചിയും ലോക് ജനശക്തി പാർട്ടി (രാം വിലാസ്) നേതാവും കേന്ദ്രമന്ത്രിയുമായ ചിരാഗ് പസ്വാനും തമ്മിലാണ് തർക്കമുടലെടുത്തത്.
സംവരണനയം പുനഃപരിശോധിക്കണമെന്നും ദളിത് വിഭാഗങ്ങൾക്കിടയിലെ അസമത്വം ഒഴിവാക്കാൻ ഉപവിഭാഗീകരണം വേണമെന്നും ജിതൻ റാം മാഞ്ചിയുടെ മകൻ സന്തോഷ് കുമാർ സുമൻ ആവശ്യപ്പെട്ടതാണു തർക്കത്തിനു കാരണം. ഏറ്റവും പിന്നാക്കം നിൽക്കുന്ന ജനവിഭാഗങ്ങൾക്ക് ഇപ്പോഴും സംവരണ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നായിരുന്നു എച്ച്എഎമ്മിന്റെ വാദം.
എന്നാൽ, ഈ നിലപാടിനെതിരേ ചിരാഗ് പസ്വാൻ ശക്തമായി രംഗത്തെത്തി. സംവരണത്തിന്റെ അടിസ്ഥാനം സാമ്പത്തികമല്ല; മറിച്ച്, തൊട്ടുകൂടായ്മ പോലുള്ള സാമൂഹിക അസമത്വങ്ങളാണെന്നും പട്ടികജാതി-പട്ടികവർഗ സംവരണത്തിൽ ക്രീമിലെയർ വേണമെന്നു വാദിക്കുന്ന ജിതൻ റാം മാഞ്ചിയും മകനും ആദ്യം മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നും പസ്വാൻ ആവശ്യപ്പെട്ടു.
ചിരാഗിന് പാവപ്പെട്ടവരുടെ താത്പര്യങ്ങളിൽ ശ്രദ്ധയില്ലെന്നു കുറ്റപ്പെടുത്തിയ മാഞ്ചി, സംവരണാനുകൂല്യങ്ങൾ അർഹരിലേക്ക് എത്തുന്നതിനെ എതിർക്കുന്ന ചിരാഗ് പസ്വാനാണ് രാജിവയ്ക്കേണ്ടതെന്ന് തിരിച്ചടിച്ചു.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കിടയിലെ ഉപവിഭാഗീകരണത്തിനും ക്രീമിലെയർ നടപ്പാക്കലിനും അനുമതി നൽകിക്കൊണ്ട് 2024ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് ഇരുകൂട്ടർക്കുമിടയിൽ പുതിയ തർക്കത്തിനു വഴി വച്ചത്.