ന്യൂയോർക്ക്: കോവിഡ് മഹാമാരിക്ക് ശേഷം ആഗോള തൊഴിൽ വിപണി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നതിന്റെ നേർക്കാഴ്ചയായി ഒരു ഉദ്യോഗാർത്ഥിയുടെ കുറിപ്പ്. ഉപരിപഠനം കഴിഞ്ഞിറങ്ങി ഒരു വർഷമായിട്ടും ജോലി ലഭിക്കാത്തതിനെത്തുടർന്ന് മാനസികമായി തളർന്ന ഒരു യുവാവ് റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാകുന്നത്. 2025 മേയിൽ മാസ്റ്റേഴ്സ് ബിരുദം പൂർത്തിയാക്കിയ താൻ കഴിഞ്ഞ ഒരു വർഷത്തിനിടെ പന്ത്രണ്ടായിരത്തിലധികം (12,000) ജോലികൾക്ക് അപേക്ഷിച്ചിട്ടും ഒരെണ്ണം പോലും ലഭിച്ചില്ലെന്ന് യുവാവ് വെളിപ്പെടുത്തുന്നു.
ലിങ്ക്ഡ്ഇൻ വഴി ആറായിരത്തോളവും, ഇൻഡീഡ് വഴി 4500-ഓളം, ഗ്ലാസ്ഡോർ വഴി 664, നൗക്രിഗൾഫ് വഴി 900 എന്നിങ്ങനെയാണ് വിവിധ തൊഴിൽ പോർട്ടലുകളിലൂടെ ഇയാൾ അപേക്ഷകൾ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ തനിക്ക് ആരുടെയും ഉപദേശങ്ങൾ ആവശ്യമില്ലെന്നും, ഭയത്തിനും അപമാനത്തിനും അപ്പുറം മനസ്സിൽ ഇപ്പോൾ ശൂന്യത മാത്രമാണെന്നും യുവാവ് കുറിച്ചു. ഇത്രയും കാലം താൻ എങ്ങനെ അതിജീവിച്ചു എന്ന് തനിക്ക് തന്നെ അറിയില്ലെന്നും, മാനസികമായി താൻ ഇപ്പോൾ പൂർണ്ണമായും തളർന്നുപോയെന്നും യുവാവ് തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.