താമരശേരി: കൂടത്തായി കാട്ടുമുണ്ടയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കാട്ടുമുണ്ട ആനപ്പാറ കാവളത്തിങ്ങൽ ജോബി ജോസഫ് (42) ആണ് മരിച്ചത്.
വീടിന് സമീപത്തെ തോട്ടിൽ സഹോദരിയുടെ മകനൊപ്പം കുളിക്കുന്നതിനിടെയാണ് ജോബി ഒഴുക്കിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ തോട്ടിൽ വീണ സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ ചാമോറ ബണ്ടിന് സമീപത്തുനിന്ന് മൃതദേഹം കണ്ടെത്തി.
ഉച്ചയ്ക്ക് രണ്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്.കുടുംബസമേതം ബംഗളൂരുവിൽ താമസിച്ചുവരികയായിരുന്ന ജോബി വെള്ളിയാഴ്ചയാണ് നാട്ടിലെത്തിയത്. നാട്ടിലെത്തിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. മൃതദ്ദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം സംസ്കാരം സംബന്ധിച്ച കാര്യങ്ങൾ തീരുമാനിക്കും.