നിമിഷനേരംകൊണ്ട് പകൽ ഇരുളിലേക്കു വീഴും! പ്രകൃതി നിശബ്ദമാകും! സമ്പൂർണ സൂര്യഗ്രഹണം എന്ന പ്രതിഭാസം മനുഷ്യന് എന്നും അദ്ഭുതമാണ്! ശാസ്ത്രലോകത്തെ സംബന്ധിച്ചിടത്തോളം സൂര്യന്റെ അന്തരീക്ഷമായ കൊറോണയെക്കുറിച്ച് പഠിക്കാനുള്ള അപൂർവമായ അവസരമാണിത്. ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും നാളെ സമ്പൂർണ സൂര്യഗ്രഹണമാണ്. ഗ്രഹണത്തെ ഭയന്നിരുന്ന മനുഷ്യൻ പിന്നീട് ബഹിരാകാശവിസ്മയങ്ങളുടെ ചിത്രം പകർത്താൻ ആരംഭിച്ചു. ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ വരുന്പോൾ, സൂര്യന്റെ പ്രകാശം പൂർണമായി മറയുന്ന നിമിഷത്തിന്റെ, സമ്പൂർണ സൂര്യഗ്രഹണത്തിന്റെ ആദ്യ ചിത്രം പകർത്തിയിട്ട് 175 വർഷം പിന്നിടുകയാണ്!
യോഹാൻ ജൂലിയസ് ഫ്രീഡ്രിഷ് ബർകോവ്സ്കി എന്ന ഫോട്ടോഗ്രഫറാണ് ആദ്യമായി സമ്പൂർണ സൂര്യഗ്രഹണത്തിന്റെ ഏറ്റവും വ്യക്തമായ ചിത്രമെടുത്തത്. 1851 ജൂലൈ 28-ന് ആയിരുന്നു ജ്യോതിശാസ്ത്ര രംഗത്ത് വിപ്ലവം സൃഷ്ടിച്ച അത്യപൂർവ ചിത്രം പിറന്നത്. അതുവരെ അധികം അറിയപ്പെടാതിരുന്ന ബർകോവ്സ്കി എന്ന നിശ്ചലഛായാഗ്രാഹകന്റെ തലവര അതോടെ മാറുകയായിരുന്നു.
പ്രഷ്യയിലെ (ഇന്ന് റഷ്യയുടെ ഭാഗം) കൊയിനിഗ്സ്ബർഗ് എന്ന നഗരത്തിൽവച്ചാണ് ബർകോവ്സ്കി സമ്പൂർണ സൂര്യഗ്രഹണത്തിന്റെ ആദ്യത്തെ വ്യക്തമായ ചിത്രം പകർത്തിയത്. വെള്ളി പൂശിയ ചെമ്പ് ഫലകത്തിൽ രാസവസ്തുക്കൾ ഉപയോഗിച്ച് ചിത്രം തയാറാക്കുന്ന അന്നത്തെ ഡാഗറെയോടൈപ്പ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അദ്ദേഹം ചിത്രമെടുത്തത്. ബർകോവ്സ്കിയുടെ ചിത്രം സൂര്യനെക്കുറിച്ചുള്ള പഠനങ്ങളിൽ വലിയൊരു മാറ്റത്തിനു വഴിവച്ചു. സൂര്യന്റെ ഏറ്റവും പുറമെയുള്ള അന്തരീക്ഷമായ കൊറോണയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതു പുതിയൊരു വാതിൽ തുറന്നു നൽകി. സൂര്യന്റെ ശോഭ കൊണ്ടു സാധാരണ സമയങ്ങളിൽ കാണാൻ സാധിക്കാത്ത കൊറോണയിലെ സൂക്ഷ്മ തരംഗങ്ങളും പ്രകാശവലയങ്ങളും സന്പൂർണ ഗ്രഹണ സമയത്ത് വ്യക്തമായി ദൃശ്യമാകും.
സൗരവാതം, അതിശക്തമായ പ്ലാസ്മ വിസ്ഫോടനങ്ങൾ ഉപഗ്രഹങ്ങളെയും ആശയവിനിമയ സംവിധാനങ്ങളെയും ബാധിക്കാറുണ്ട്. ഗ്രഹണ സമയത്തെ ചിത്രീകരണത്തിലൂടെയും പഠനത്തിലൂടെയുമാണ് ഇത്തരം ബഹിരാകാശ കാലാവസ്ഥാ പ്രതിഭാസങ്ങളെക്കുറിച്ച് കൂടുതൽ ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്നത്. ഇന്ന് കൃത്രിമമായി ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഗ്രഹണത്തിന് സമാനമായ സാഹചര്യങ്ങൾ സൃഷ്ടിച്ച് കൊറോണയെക്കുറിച്ച് പഠിക്കാൻ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ പ്രോബ-3 പോലെയുള്ള ദൗത്യങ്ങൾ നടക്കുന്നുണ്ടെങ്കിലും, പ്രകൃതിദത്തമായ ഗ്രഹണ സമയത്ത് ലഭിക്കുന്നത്ര കൃത്യതയുള്ള വിവരങ്ങൾ മറ്റ് മാർഗങ്ങളിലൂടെ ലഭിക്കാറില്ലെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.
ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ് മനുഷ്യൻ ഭയത്തോടെയും അത്ഭുതത്തോടെയും നോക്കിക്കണ്ട ഈ പ്രതിഭാസത്തെ, ഇന്ന് ശാസ്ത്രീയമായി മനസിലാക്കാനും രേഖപ്പെടുത്തിവയ്ക്കാനും ഗവേഷകർക്കു സാധിക്കുന്നു. 1851-ൽ ഒരു പ്ലേറ്റിൽ പതിഞ്ഞ ആദ്യത്തെ ഗ്രഹണ ചിത്രം മുതൽ ഇക്കാലത്തെ അത്യാധുനിക ഡിജിറ്റൽ ചിത്രങ്ങൾ വരെ, സൂര്യന്റെ രഹസ്യങ്ങൾ ഒന്നൊന്നായി അനാവരണം ചെയ്യാൻ ശാസ്ത്രലോകത്തിനു കരുത്താകുന്നു.