തിരുവനന്തപുരം: പിണറായി വിജയന് സര്‍ക്കാരിന്റെ അവസാന വര്‍ഷം പിആര്‍ പ്രവര്‍ത്തനത്തിനായി കിഫ്ബിയില്‍നിന്നു ചെലവഴിച്ചത് നൂറ് കോടിയലധികം രൂപ. കിഫ്ബിയുടെ അടിസ്ഥാന തത്വങ്ങളില്‍നിന്നു വ്യതിചലിച്ചുകൊണ്ടാണ് ‘എന്റെ കേരളം’, ‘സിഎം വിത്ത് മി’ പരിപാടികള്‍ക്കായി 2025-26 വര്‍ഷത്തില്‍ 100 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കണക്കുകള്‍.
2025-26 വര്‍ഷത്തെ കിഫ്ബിയുടെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ പ്രകാരം, സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 2025 ഏപ്രില്‍-മേയ് മാസങ്ങളില്‍ ജില്ലകളില്‍ നടത്തിയ ‘എന്റെ കേരളം’ പദ്ധതിക്കായി 96.44 കോടി രൂപയും ‘സിഎം വിത്ത് മി’ പദ്ധതിക്കായി 6.14 കോടി രൂപയുമാണ് ചെലവഴിച്ചത്. പരിപാടികളുടെ അടിസ്ഥാനസൗകര്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ നിറവേറ്റുന്നതിനായി സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് രണ്ടു ചെലവുകളും വരുത്തിയത്. കൂടാതെ, അവ നേരിട്ടുള്ള പ്രോജക്റ്റ് ചെലവുകളായി രേഖപ്പെടുത്തുകയും ചെയ്തു.
സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ നടപ്പിലാക്കുകയെന്നതാണ് കിഫ്ബിയുടെ പ്രധാന ലക്ഷ്യം. കിഫ്ബിയുടെ ഫണ്ടുകളില്‍ ഭൂരിഭാഗവും വായ്പകളാണെന്നിരിക്കെ സര്‍ക്കാരിന്റെ പ്രചാരണങ്ങള്‍ക്കോ പരസ്യങ്ങള്‍ക്കോ അതു ചെലവഴിക്കാന്‍ പാടില്ല. സൂരി ആന്‍ഡ് കമ്പനി നടത്തിയ ഓഡിറ്റിംഗിലാണ് ഈ പരാമർശമുളളത്.