തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റർപ്രൈസ് എഐ സൊല്യൂഷൻ ദാതാക്കളായ ഫ്ലൈടെക്സ്റ്റുമായി പങ്കാളിത്തം പ്രഖ്യാപിച്ച് പ്രമുഖ നിക്ഷേപ-വെൽത്ത് മാനേജ്മെന്റ് സ്ഥാപനമായ ഐഐഎഫ്എൽ ക്യാപിറ്റൽ.
നിക്ഷേപകരുമായുള്ള ബന്ധം ദൃഢമാക്കുക, അസറ്റ്സ് അണ്ടർ മാനേജ്മെന്റ് വളർച്ച വേഗത്തിലാക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും കൈകോർക്കുന്നത്.
മാറുന്ന കാലത്തിനൊപ്പമുള്ള നിക്ഷേപ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നത് സാമ്പത്തിക സ്ഥാപനങ്ങൾക്ക് ഏറെ ശ്രമകരമായ ദൗത്യമാണ്.
ഈ സാഹചര്യത്തിൽ ഫ്ലൈടെക്സ്റ്റിന്റെ ഏജന്റിക് എഐ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്തുന്നതിലൂടെ നിക്ഷേപകരുടെ താത്പര്യങ്ങൾ ആഴത്തിൽ മനസിലാക്കാനും അവരുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കനുസൃതമായ നിക്ഷേപ നിർദേശങ്ങൾ നൽകുവാനും ഐഐഎഫ്എല്ലിന് സാധിക്കും.