ന്യൂഡൽഹി: സംയുക്ത സൈനിക മേധാവിയായി ജനറൽ എൻ.എസ്. രാജാ സുബ്രഹ്മണി ചുമതലയേറ്റു. ജനറൽ അനിൽ ചൗഹാൻ വിരമിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം. ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച ശേഷമാണ് ജനറൽ സുബ്രഹ്മണി സ്ഥാനമേറ്റത്.
സൗത്ത് ബ്ലോക്കിൽ സംയുക്ത സേനയുടെ വരവേല്പും ഗാർഡ് ഓഫ് ഓണറും അദ്ദേഹം ഏറ്റുവാങ്ങി. കരസേന ഉപമേധാവിയായിരുന്ന ജനറൽ സുബ്രഹ്മണി കഴിഞ്ഞ വർഷം ജൂലൈ 31നാണ് വിരമിച്ചത്. തുടർന്ന് ദേശീയ സുരക്ഷാ കൗണ്‍സിൽ സെക്രട്ടേറിയറ്റിൽ (എൻഎസ്സിഎസ്) മിലിട്ടറി അഡ്വൈസറായി സേവനമനുഷ്ഠിക്കുകയായിരുന്നു.
സെൻട്രൽ കമാൻഡിന്റെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സായുധ സേനയുടെ നവീകരണം, മൂന്നു സേനാവിഭാഗങ്ങളും തമ്മിലുള്ള ഏകോപനം തുടങ്ങിയവയ്ക്കായിരിക്കും തന്റെ മുൻഗണനയെന്ന് ചുമതലയേറ്റശേഷം ജനറൽ സുബ്രഹ്മണി വ്യക്തമാക്കി. തദ്ദേശ നിർമിത ആയുധങ്ങൾ സേനയുടെ ഭാഗമാക്കുന്നതിനുള്ള നടപടി വേഗത്തിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1985 ഡിസംബറിൽ ഗർവാൾ റൈഫിൾസിന്റെ എട്ടാം ബറ്റാലിയനിലാണ് ജനറൽ സുബ്രഹ്മണി കമ്മീഷൻ ചെയ്യപ്പെട്ടത്. നാഷണൽ ഡിഫൻസ് അക്കാദമി (എൻഡിഎ), ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ), യുകെയിലെ ജോയിന്റ് സർവീസസ് കമാൻഡ് ആൻഡ് സ്റ്റാഫ് കോളജ്, ന്യൂഡൽഹിയിലെ നാഷണൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലെ പൂർവവിദ്യാർഥിയാണ്.
ഇൻഫൻട്രി, മൗണ്ടൻ, സ്ട്രൈക്ക് കോർപ്സ് തുടങ്ങിയ സുപ്രധാന സൈനിക വിഭാഗങ്ങളുടെ കമാൻഡറായി പ്രവർത്തിച്ചിട്ടുണ്ട്. കസാക്കിസ്ഥാനിൽ ഡിഫൻസ് അറ്റാഷെയായും വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജിൽ ചീഫ് ഇൻസ്ട്രക്ടറായും നോർത്തേണ്‍ കമാൻഡിൽ ചീഫ് ഓഫ് സ്റ്റാഫായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മികച്ച സേവനത്തിനുള്ള പരം വിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, സേനാ മെഡൽ, വിശിഷ്ട സേവാ മെഡൽ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചുു.
നാവികസേന മേധാവിയായി അഡ്മിറൽ കൃഷ്ണകുമാർ സ്വാമിനാഥനും ഇന്നലെ ചുമതലയേറ്റു. 41 വർഷത്തെ സേവനത്തിനുശേഷം അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠി സ്ഥാനമൊഴിഞ്ഞതോടെയാണ് അഡ്മിറൽ കൃഷ്ണകുമാർ ചുമതലയേറ്റത്.