ഇടുക്കി: ജില്ലയിലെ സങ്കീര്‍ണമായ ഭൂ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി റവന്യു-വനഭൂമി ജോയിന്റ് വെരിഫിക്കേഷന് ഒരുമാസത്തിനകം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്.
ജില്ലയിലെ ഭൂ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ഇന്നലെ കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് ഇക്കാര്യം മുഖ്യമന്ത്രി അറിയിച്ചത്.
കലണ്ടര്‍ തയാറാക്കി സമയബന്ധിതമായി ഓരോ വിഷയവും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജണ്ടയ്ക്കു പുറത്തുള്ള ഒരു സ്ഥലത്തിനും വനംവകുപ്പിന് ഒരവകാശവുമില്ല. പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും. തടസങ്ങളില്ലാത്ത അയ്യായിരത്തോളം പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യും. പട്ടയവുമായി ബന്ധപ്പെട്ട് തടസമായി നില്ക്കുന്ന സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും വിധികളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകാന്‍ താന്‍ നേരിട്ട് ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. ജില്ലയിലെ പ്രശ്നങ്ങളില്‍ അറുപത് ശതമാനത്തോളം കാര്യങ്ങളിലും തീരുമാനമെടുത്തിട്ടുണ്ട്.
ഭൂമി കൈയേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായാണ് കാണുന്നത്. കൈയേറ്റം ഒരു കാരണവശാലും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തിനുശേഷം ഇടുക്കി ബിഷപ്സ് ഹൗസിലെത്തിയ മുഖ്യമന്ത്രിയെ ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഏലക്കമാലയണിയിച്ച് സ്വീകരിച്ചു. ജില്ലയിലെ വിവിധ വിഷയങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുള്ള നിവേദനം ബിഷപ് മുഖ്യമന്ത്രിക്ക് കൈമാറി. ഉച്ചഭക്ഷണവും കഴിച്ചാണ് അദ്ദേഹം അവിടെനിന്ന് മടങ്ങിയത്.