ഡാളസ്: കേരള ലിറ്റററി സൈസൈറ്റി അമേരിക്കൻ മലയാളി ജോസ് ഓച്ചാലിയുടെ എഴുത്തിനെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ചർച്ചാ സദസ് സംഘടിപ്പിച്ചു. അനേകം ഭക്തി ഗാനങ്ങൾ എഴുതിയിട്ടുള്ള ഇദ്ദേഹം ഒരു ഭക്തകവിയായും അറിയപ്പെടുന്നു.
കേരള ലിറ്റററി സൊസൈറ്റിയുടെയും ലിറ്റററി സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെയും (ലാന) മുൻ പ്രസിഡന്റായ ജോസ് ഓച്ചാലിൽ സാഹിത്യ സാമൂഹ്യ രംഗങ്ങളിലും വിവിധ നിലകളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്.
ജീവിതം ഒരു തീർഥയാത്ര, പ്രവാസിയുടെ ഗീതങ്ങൾ, നന്മതൻ പൂമരം എന്നീ മൂന്ന് കവിതാസമാഹാരങ്ങളും പറുദീസയിലെ ചക്രവാകപ്പക്ഷികൾ എന്ന കഥാസമാഹാരവും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
തിരുവല്ലയ്ക്കടുത്ത് തിരുവൻവണ്ടൂരിൽ ഓച്ചാലിൽ കുടുംബത്തിൽ വിദ്വാൻ പി. സി. അബ്രഹാമിന്റെയും അന്നമ്മയെന്ന കൊച്ചുപെണ്ണിന്റെയും ഒൻപതു മക്കളിൽ ഇളയ മകനായി 1949 ജനിച്ചു. ഭാര്യ: ആൻസി ജോസഫ്. മക്കൾ: അഞ്ജു, അബു, സാം.
ഡാളസിലെ എഫ്എംസിയിൽ ജോസ് ഓച്ചാലി വളരെക്കാലം ജോലി ചെയ്തു. ഇപ്പോൾ ഡാളസിൽ വിശ്രമജീവിതം നയിക്കുന്നു.
എഴുത്തുകാരൻ ജോൺ മാത്യു ഹൂസ്റ്റൺ, ജനനി മാസിക ചീഫ് എഡിറ്റർ ജെ. മാത്യൂസ് ന്യൂയോർക്ക്, ലാന പ്രസിഡന്റ് സാമുവേൽ യോഹന്നാൻ, പി.പി. ചെറിയാൻ, സി.വി. ജോർജ്, മീനു എലിസബത്ത് എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.
മനോഹർ തോമസ്, രാജു തോമസ്, ബിജോ ജോസ് ചെമ്മാന്ത്ര, ഹരിദാസ് തങ്കപ്പൻ, ഷാജു ജോൺ, സന്തോഷ് പിള്ള, പി.സി. മാത്യു, റഫീക്ക് തറയിൽ, തെരേസ ടോം, റോസമ്മ ജോർജ് എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
ജോസ് ഓച്ചാലിൽ മറുപടി പ്രസംഗം നടത്തുകയും ചോദ്യങ്ങൾക്ക് മറുപടി പറയുകയും ചെയ്തു. കെഎൽഎസ് പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി ഡോ. ദർശന മനയത്ത് സ്വാഗതവും സെക്രട്ടറി ബാജി ഓടംവേലി കൃതജ്ഞതയും അറിയിച്ചു.